laptop
LAPTOP

തിരുവനന്തപുരം: ഓൺലൈൻ പഠനത്തിനായി കംപ്യൂട്ടർ വാങ്ങാൻ ശേഷിയില്ലാത്ത വിദ്യാർത്ഥികൾക്ക് 15,000 രൂപയ്ക്ക് ലാപ്‌ടോപ്പ് നൽകുന്നതിനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകി. കെ.എസ്.എഫ്.ഇയും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ കൊക്കോണിക്‌സ് ആണ് വിദ്യാർത്ഥികൾക്ക് നൽകുക.

 പദ്ധതി ഇങ്ങനെ
പദ്ധതിക്കായി കെ.എസ്.എഫ്.ഇ 15000,​ 25000 രൂപയുടെ രണ്ട് മൈക്രോചിട്ടികൾ തുടങ്ങും. ഇതിൽ ഏതെങ്കിലുമൊന്നിൽ കുടുംബശ്രീ അംഗങ്ങൾക്ക് ചേരാം. ​ആദ്യ ഗഡു അടയ്ക്കുമ്പോൾ ലാപ്‌ടോപ്പ് നൽകും. യഥാക്രമം 24,​ 36 തവണകളായിരിക്കും തിരിച്ചടവ്. ആറാഴ്ചയ്ക്കുള്ളിൽ ലാപ്പ്ടോപ്പ് നൽകാമെന്ന് ധനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊക്കോണിക്‌സ് അറിയിച്ചു.

 ടി.വിക്ക് 75% സബ്സിഡി
ടി.വി ആവശ്യമുള്ളവർക്ക് കെ.എസ്.എഫ്.ഇ 75 ശതമാനം സബ്‌സിഡി നൽകും. 25 ശതമാനം ചെലവ് തദ്ദേശസ്ഥാപനങ്ങൾ നേരിട്ടോ സ്‌പോൺസർമാർ വഴിയോ കണ്ടെത്തും. ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‌ടോപ്പുകൾ, 7000 പ്രൊജക്ടറുകൾ, 4545 ടി.വികൾ എന്നിവയും ഉപയോഗിക്കും. തദ്ദേശസ്ഥാപനങ്ങളും കുടുംബശ്രീയും ചേർന്നാണ് ഗുണഭോക്താക്കളെ കണ്ടെത്തുക.

 കൊക്കോണിക്‌സ്
കെൽട്രോൺ,​ കെ.എസ്.ഐ.ഡി.സി, യു.എസ്.ടി ഗ്ളോബൽ,​ ആക്‌സിലറോൺ എന്നിവയുടെ സംയുക്ത സംരംഭം. ലോകത്തെ മുൻനിര പ്രോസസർ കമ്പനികളിലൊന്നായ ഇന്റലിന്റേതാണ് സാങ്കേതികവിദ്യ. ഉബുണ്ടു സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചിട്ടുള്ള ലാപ്‌ടോപ്പിൽ ഏഴാം തലമുറ ഐ 3 പ്രോസസറാണുള്ളത്. 2 ജി.ബി, 4 ജി.ബി റാം ആണ് മെമ്മറി. 11 ഇഞ്ച് ഫുൾ എച്ച്.ഡി സ്ക്രീൻ ഡിസ്‌പ്ളേ,​ എട്ട് മണിക്കൂർ ബാറ്ററി ബാക്കപ്പ്. സർക്കാരിന്റെ ആവശ്യങ്ങൾക്കായി നേരത്തെ 3500 കംപ്യൂട്ടറുകൾ കൊക്കോണിക്‌സ് നിർമ്മിച്ചുനൽകിയിരുന്നു.

സർക്കാർ, എയ്ഡഡ് സ്‌കൂളുകൾ: 16,028

വിദ്യാർത്ഥികൾ: 45,42,678

ഓൺലൈൻ സൗകര്യമില്ലാത്തവർ: 26,784