വിതുര: തൊളിക്കോട്,​ ആനപ്പെട്ടി വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആനപ്പെട്ടി പഴവിളാകം കണ്ണങ്കര റോഡ് തകർന്നിട്ട് വ‍ർഷങ്ങളേറെയായി. ശോചനീയാവസ്ഥയിലുള്ള ഈ റോഡിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും ഇവിടെ പതിവാണ്. റോഡിന്റെ വശങ്ങളിലുള്ള മണ്ണ് ഇടിഞ്ഞ് റോട്ടിലേക്ക് വീണതിനാൽ റോഡിന്റെ വീതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ ആട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക് പറ്റിയിരുന്നു. മഴക്കാലമായാൽ റോഡിന് വശത്തെ ഓടകൾ നിറഞ്ഞ് റോഡിലൂടെ ഒഴുകാറാണ് പതിവ്. ഇതോടെ അപകടങ്ങളുടെ എണ്ണവും ഈ മേഖലയിൽ പെരുകും. ആനപ്പെട്ടിയിൽ നിന്നും കണ്ണങ്കര പരപ്പാറ പുളിച്ചാമല ചായം ചെറ്റച്ചൽ മേഖലകളിലേക്ക് പോകാൻ നാട്ടുകാർ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ നിരവധി തവണ ത്രിതല പഞ്ചായത്തുകൾക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.ആനപ്പെട്ടി പഴവിളാകം റോഡ്‌ അടിയന്തരമായി പുനർനിർമ്മിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് തൊളിക്കോട് പഞ്ചായത്ത്‌ മുൻ മെമ്പർന ശ്രീകലാ മോഹൻ ആവശ്യപ്പെട്ടു.