തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി ശിവഗിരി തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതിയെ തുരങ്കം വയ്ക്കാനുള്ള നീക്കം സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് മുൻ ഡെപ്യൂട്ടി സ്പീക്കറും കെ. പി.സി.സി ജനറൽ സെക്രട്ടറിയുമായ പാലോട് രവി പ്രസ്താവിച്ചു. കേന്ദ്രം പദ്ധതി ഉപേക്ഷിച്ച വിവരം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന വകുപ്പുമന്ത്രിയുടെയും അറിഞ്ഞിട്ടേയില്ലെന്ന മുഖ്യമന്ത്രിയുടെയും നിലപാടുകൾ സർക്കാരിന്റെ ആത്മാർഥതയില്ലായ്മയാണ് വെളിവാക്കുന്നത്.

കേരളീയരുടെ ദീർഘകാല അഭിലാഷമായിരുന്നു ശിവഗിരി തീർത്ഥാടന ടൂറിസം പദ്ധതി. കേന്ദ്രം അതനുവദിച്ചതായി പ്രഖ്യാപിക്കുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തശേഷം പ്രാവർത്തികമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്തില്ല. ടൂറിസം വികസനത്തിന് കേന്ദ്രം മുമ്പുനൽകിയ പണം വിനിയോഗിച്ചില്ലെന്ന കേന്ദ്രത്തിന്റെ വാദം കേരളത്തിന്റെ ഈ അഭിമാനപദ്ധതി ഉപേക്ഷിക്കുന്നതിനുള്ള മുടന്തൻ ന്യായമാണ്- പാലോട് രവി പറഞ്ഞു.