od

ഭുവനേശ്വർ: അന്യസംസ്ഥാനത്ത് കഴിഞ്ഞിരുന്നവർ കൂട്ടത്തോടെ എത്തിയതോടെ കൊവിഡ് രോഗികൾ വളരെകുറവായിരുന്ന ഒഡീഷയിൽ രോഗികളുടെ എണ്ണം പൊടുന്നനെ കുതിച്ചുയർന്നു. 24 മണിക്കൂറിൽ 143 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 2,388 ആയി.ഏഴു പേർ മരിച്ചു.കേരളത്തിലെ പോലത്തെ അവസ്ഥയായി ഒഡീഷയിലും. കേരളത്തിലും അന്യനാടുകളിൽ നിന്ന് ആളെത്തിയതോടെയാണ് രോഗികളുടെ എണ്ണം കൂടിയത്.


ഇന്ന് 80 പേർകൂടിക്ക് കൂടി രോഗം മാറിയതോടെ രോഗമുക്തരായവരുടെ എണ്ണം 1,325ആയി.

ഇതുവരെ 4.26 ലക്ഷം പേരാണ് ഒഡീഷയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമായി മടങ്ങിയെത്തിയത്. ഇതോടെ 11 ജില്ലകൾ ഞായറാഴ്ചകളിൽ പൂർണമായി അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. ഈ ജില്ലകളിൽ വരും ദിവസങ്ങളിൽ രോഗവ്യാപനം വർദ്ധിക്കാനിടയുണ്ടെന്ന വിലയിരുത്തലിനെതുടർന്നാണിത്.

ഏപ്രിൽ 29ന് ആദ്യ ബാച്ച് കുടിയേറ്റത്തൊഴിലാളികൾ സംസ്ഥാനത്തെത്തിയപ്പോൾ 125 കൊവിഡ് കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു മാസത്തിനുള്ളിൽ കേസുകളുടെ എണ്ണം 1,948 ആയി മാറി. കുടിയേറ്റക്കാർ വൻതോതിൽ തിരികെയെത്തിയ ജില്ലകളിലാണ് കൂടുതൽ രോഗബാധിതർ. ആ കണക്ക് ഇങ്ങനെ: ഗൻജം(404), ജജ്പൂർ(259), ബലസോർ(146), ഖുർദ(131), ഭദ്രക്(113) തുടങ്ങിയ ജില്ലകളിലാണ് കൂടുതൽ രോഗവ്യാപനം നടന്നത്.

സംസ്ഥാനത്ത് 26 കൊവിഡ് ആശുപത്രികളും 4,470 കിടക്കകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. ഒപ്പം 926 കിടക്കകളുള്ള ഏഴ് കൊവിഡ് ആശുപത്രികൾ കൂടെ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. 15,867 മെഡിക്കൽ സെന്ററുകൾക്ക് പുറമേയാണിത്. 6798 പഞ്ചായത്ത് സെന്ററുകളിലായി 7 ലക്ഷം പേരെ താമസിപ്പിക്കാവുന്ന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പുറത്തുനിന്നു വരുന്നവരെ താമസിപ്പിക്കുന്നത് പഞ്ചായത്ത് തലത്തിൽ ഒരുക്കിയിട്ടുള്ള ക്വാറന്റൈൻ സെന്ററുകളിലാണ്. ഇവിടെ സർക്കാർ തന്നെയാണ് ഭക്ഷണവും താമസസൗകര്യവും നൽകുന്നത്.