തിരുവനന്തപുരം : ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് പ്രവർത്തനം ആരംഭിച്ച സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് വിജിലൻസ് കണ്ടെത്തൽ. സാമൂഹ്യ അകലം പാലിക്കാതെയും വ്യക്തി ശുചിത്വ മാർഗനിർദേശങ്ങൾ അനുസരിക്കാതെയുമാണ് പലയിടത്തും പ്രവർത്തനം. മാസ്ക് ധരിക്കാതെയും സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാതെയും സാധനങ്ങൾ വാങ്ങാനെത്തുന്നവരെ കടകളിൽ പ്രവേശിപ്പിക്കുന്നതായും കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങളെ താക്കീത് ചെയ്തതായും തുടർന്നും നിയമ ലംഘനം തുടർന്നാൽ സാംക്രമിക രോഗ പ്രതിരോധ നിയമപ്രകാരം നടപടിയെടുക്കാൻ ശുപാശ ചെയ്യുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.
തലസ്ഥാന ജില്ലയിൽ ഇന്നലെ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും പ്രവർത്തിച്ച അഞ്ച് ഇറച്ചി വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. പത്തനംതിട്ട നഗരസഭാ പരിധിയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച നിരവധി വ്യാപാര സ്ഥാപനങ്ങൾ കണ്ടെത്തിയ വിജിലൻസ് അവയ്ക്കെതിരെ നടപടിയെടുക്കാൻ നഗരസഭാ അധികൃതരോട് ശുപാർശചെയ്തു. ലോക്ക് ഡൗണിന്റെ ഭാഗമായി പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി സംസ്ഥാനത്തെ 311 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 125 കടകൾക്കെതിരെ നടപടികൈക്കൊണ്ടതായി വിജിലൻസ് അറിയിച്ചു. പത്തനംതിട്ടയിൽ 20 ഉം കാസർകോഡ് 19ഉം കൊല്ലത്ത് 16ഉം തിരുവനന്തപുരം 15, ആലപ്പുഴയിൽ 12ഉം സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് അറിയിച്ചു. പരിശോധനകൾക്ക് വിജിലൻസ് ഇന്റലിജൻസ് പൊലീസ്സൂപ്രണ്ട് ഇ.എസ്. ബിജിമോനും ജില്ലാ തലങ്ങളിലെ ഡെപ്യൂട്ടി സൂപ്രണ്ടുമാരും നേതൃത്വം നൽകി.