വെഞ്ഞാറമൂട്: സർക്കസ് പഠിച്ചവർക്ക് ഇതുവഴി കയറാം അല്ലാത്തവർ ഊന്നുവടിയെ ആശ്രയിക്കണം. അവശർക്ക് നാലുകാലിലും മുട്ടുകാലിലും ഒക്കെയായി ഇഴഞ്ഞും കയറാം. വൃദ്ധരും കുട്ടികളും പുറം ലോകം കാണണ്ട. നെല്ലനാട് പഞ്ചായത്തിലെ കീഴായിക്കോണം എറിപ്പാറ കുന്ന് കോളനി നിവാസികളുടെ ദുരവസ്ഥയാണിത്.

വെഞ്ഞാറമൂടിനും കാരേറ്റിനും ഇടയിൽ എം.സി റോഡിന് വശത്തായി 175 മീറ്റർ ചെങ്കുത്തായ എറിപ്പാറകുന്ന് കോളനി കയറ്റത്തിന് മുകളിലാണ് പിന്നോക്ക സമുദായത്തിൽപ്പെട്ട മുപ്പത്തിയേഴോളം കുടുംബങ്ങൾ താമസിക്കുന്നത്.

മാറിമാറി വരുന്ന ഭരണസമിതി റോഡിന്റെ ശോചനീയ അവസ്ഥ ഒഴിച്ച് ബാക്കി എല്ലാ സഹായവും ചെയുന്നുണ്ട്. ജോലിയില്ലാതെ വീട്ടിൽ ഇരിക്കുന്ന കൊവിഡ് കാലത്തും കോളനി നിവാസികൾക്ക് ഭക്ഷണവും എത്തിച്ചുകൊടുക്കുന്നുണ്ട്. പക്ഷെ റോഡിൽ ഉച്ചയ്ക്കിറങ്ങി ഭക്ഷണപ്പൊതിയും വാങ്ങി വീടെത്തുമ്പോൾ വൈകുന്നേരം ആകുമെന്ന് മാത്രം.
താഴ്ന്ന നിലവാരത്തിൽ ജീവിക്കുന്നവരുടെ പരാതികൾ കേൾക്കാൻ ഉന്നത ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല എന്നാണ് കോളനി നിവാസികളുടെ പരാതി. ഈ റോഡിന്റെ ശോചനീയ അവസ്ഥ കാരണം കുട്ടികളുടെ വിദ്യാഭ്യാസം, ഗർഭിണികളുടെയും, രോഗികളുടെയും മാസത്തിലെ ചെക്കപ്പ് എല്ലാം പകുതിവഴിയിൽ മുടങ്ങി പോകുകയാണ്. രണ്ടു കാലിൽ നേരെ ചൊവ്വേ നടക്കാനെങ്കിലും റോഡ് ശരിയാക്കി തരണേയെന്നാണ് ഇവരുടെ അപേക്ഷ.

ഈ ചെങ്കുത്തായ കയറ്റത്തിന്റെ താഴെയും ഇരുവശങ്ങളിലും താമസിക്കുന്നവർ ജീവനെ പേടിച്ചാണ് താമസിക്കുന്നത്. മഴ പെയ്താൽ അവർക്ക് വീടുകളിൽ മനസമാധാനത്തോടെ കിടന്നുറങ്ങാൻ സാധിക്കില്ല. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരാറുകാരൻ വശങ്ങളിൽ ഓടകൾ പോലും നിർമ്മിക്കാതെ അശാസ്ത്രീയമായി നിർമ്മിച്ച റോഡിൽ കൂടി മഴ പെയ്യുമ്പോൾ ചളിയും, ഉരുളൻ കല്ലുകളും വെള്ളവും ഒലിച്ചു വന്നു താഴെ താമസിക്കുന്നവരുടെ വീടുകളിലും, കിണറുകളിലും വീഴുന്നു. അടുക്കളയിലും, ശുചിമുറിയിലും ചെളി നിറയുന്നു. മണ്ണിടിച്ചിൽ ഭീഷണി വേറെ. കഴിഞ്ഞ ദിവസം റോഡിൽ ഒലിച്ചിറങ്ങിയ ചെളിയിൽ പെട്ട് തിരിക്കില്ലാത്ത ലോക്ക് ഡൗൺ കാലത്തുപോലും ആറു ബൈക്ക് ആക്സിഡന്റാണ് ഉണ്ടായത്.