പാലോട്: പറമ്പിൽ ഓടിക്കളിക്കുകയായിരുന്ന അഞ്ചു വയസുകാരൻ വീട്ടിലെ മഴക്കുഴിയിൽ വീണ് മരിച്ചു. ആനകുളം കൃഷ്ണ വിലാസത്തിൽ ജിതോഷിന്റെയും ഗ്രീഷ്മയുടെയും മകൻ നിരഞ്ജൻ (5) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. ഗ്രീഷ്മ മൂത്തമകൻ നിർമ്മയ്നെ പഠിപ്പിച്ചുകൊണ്ടിരിക്കെ നിരഞ്ജൻ വീടിനുചുറ്റും ഓടിക്കളിക്കുകയായിരുന്നു. ഏറെ നേരമായിട്ടും കാണാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഴക്കുഴിയിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഒന്നാം ക്ലാസിലേക്കുള്ള അഡ്മിഷൻ എടുത്തശേഷം ഓൺലൈൻ ക്ലാസുകൾ പഠിച്ച് വീട്ടിൽ കഴിയുകയായിരുന്നു. എപ്പോഴും വീടിന്റെ തൊടിയിലും പറമ്പിലും ഓടിനടക്കുക നിരഞ്ജന് പതിവായിരുന്നു. വീടിന്റെ അടുക്കളയോട് ചേർന്ന് തറനിരപ്പിലുള്ള മഴക്കുഴിയുടെ മേൽമൂടി തുറന്നുനോക്കുന്നതിനിടയിൽ വീണതാവാം എന്നാണ് നിഗമനം. അതിൽ നിറയെ വെള്ളമുണ്ടായിരുന്നു. പിതാവ് ജിതോഷ് വിദേശത്താണ്. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.