aannie-

'സൗന്ദര്യവും ബുദ്ധിയും വ്യക്തിത്വവും ഒരുമിച്ചുചേർന്ന ഒരു സ്ത്രീയായിരുന്നു റാണിലക്ഷ്മിഭായി. ഒരു പക്ഷേ ഇന്ത്യൻ നേതാക്കളിൽ ഏറ്റവും അപകടകാരിയും", എന്നാണ് ത്സാൻസി റാണിക്കെതിരെ പടനയിച്ച ബ്രിട്ടീഷ് സൈന്യാധിപൻ സർഹ്യൂഗ് റോസ് വിശേഷിപ്പിച്ചത്. തിരുവിതാംകൂർ സ്വാതന്ത്ര്യസമര ചരിത്രത്തിലും

ത്സാൻസി റാണിയെപ്പോലെ പടപൊരുതിയ ധീരവനിതയെന്നാണ് കുമാരി ആനിമസ്‌ക്രീനെ പലരും വിശേഷിപ്പിച്ചത്. ഉത്തരവാദ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ അചഞ്ചലയായി നിലകൊണ്ട വനിതാരത്നമായിരുന്നു അവർ. അടങ്ങാത്ത പോരാട്ട വീര്യത്തിൽ നിന്നുയിർക്കൊണ്ടു ധൈര്യവും നിർഭയത്വവും കർമ്മശേഷിയും അവർക്കുണ്ടായിരുന്നു.അധികാരരാഷ്ട്രീയത്തിന്റെ അകത്തളത്തിൽ നിലകൊണ്ടപ്പോഴും അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വത്തിന്റെ ഉടമയായി​രുന്നു അവർ.

1902 ജൂൺ 6നാണ് ജനിച്ചത്. ഗബ്രിയേലും മറിയവുമായിരുന്നു മാതാപിതാക്കൾ. ഹോളി ഏയ്ഞ്ചൽസ് ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഗവൺമെന്റ് വിമൻസ് കോളേജ്, മഹാരാജാസ് കോളേജ് (യൂണിവേഴ്സിറ്റി കോളേജ്) ഗവൺമെന്റ് ആർട്സ് കോളേജ് എന്നീ കലാലയങ്ങളിൽ പഠിച്ചു. എം.എ ഡിഗ്രി നേടി. തുടർന്ന് ശ്രീലങ്കയിലെ കൊളംബോ സംഘമിത്ര കോളേജിൽ അദ്ധ്യാപികയായി സേവനം ചെയ്തു. നാട്ടിൽ മടങ്ങിയെത്തി ഗവൺമെന്റ് ലാ കോളേജിൽ നിയമപഠനം നടത്തി. ബി.എൽ ബിരുദം കരസ്ഥമാക്കി.

ഹബീബുള്ള ദിവാൻ തിരുവിതാംകൂറിലെ ലത്തീൻ കത്തോലിക്കരെയും മുസ്ളിങ്ങളെയും അധഃകൃതവർഗമായി നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതിൽ പ്രതിഷേധിച്ച് സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭത്തിന്റെ മുൻനിരയിൽ ആനിമസ്‌‌‌ക്രീനും ഉണ്ടായിരുന്നു. ശക്തമായ പ്രക്ഷോഭം ഉയർന്നതോടെ ഉത്തരവ് ദിവാന് പിൻവലിക്കേണ്ടിവന്നു. 1936 ൽ അഖില തിരുവിതാംകൂർ ലത്തീൻ ക്രിസ്റ്റ്യൻ മഹാജന സഭയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു.

1938 ഫെബ്രുവരി 23ന് തിരുവനന്തപുരത്ത് പുളിമൂട്ടിലുള്ള രാഷ്ട്രീയ ഹോട്ടലിൽ സി.വി. കുഞ്ഞുരാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിക്ക് രൂപം നൽകി. പട്ടം താണുപിള്ള പ്രസിഡന്റും കെ.ടി. തോമസ്, പി.എസ്. നടരാജപിള്ള എന്നിവർ സെക്രട്ടറിമാരായും ആനി മസ്‌‌‌ക്രീൻ ഏക വനിതാമെമ്പറുമായ ഒരു സമിതി നിലവിൽ വന്നു. പൊതുയോഗങ്ങളിൽ തീപാറുന്ന പ്രസംഗങ്ങൾ നടത്തി ജനശ്രദ്ധ പിടിച്ചു പറ്റി.

ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം തിരുവിതാംകൂറിൽ കൊടുമ്പിരികൊണ്ടിരുന്ന സമയത്ത് വനിതാനേതാവായിരുന്ന ആനി മസ്‌‌‌ക്രീന് എതിരെ സി.പിയുടെ പിണിയാളുകൾ കടന്നാക്രമണം ശക്തമാക്കി. നടുറോഡിൽ വച്ച് ആനി മസ്‌‌‌ക്രീന്റെ ഉടുതുണി ഉരിഞ്ഞ് മാറ്റാൻ സി.പിയുടെ ഗുണ്ടകൾ ധൈര്യം കാട്ടി.

സർക്കാർ ജീവനക്കാരായ സഹോദരനെയും സഹോദരിയെയും ആനി മസ്‌‌‌ക്രീനോടുള്ള പക തീർക്കാനെന്നോണം ദൂരെ നാടുകളിലേക്ക് സ്ഥലം മാറ്റി. 1938 ഏപ്രിൽ 29ന് രാത്രി വൃദ്ധയായ അമ്മയും ആനി മസ്‌‌‌ക്രീനും മാത്രമേ ഭവനത്തിലുണ്ടായിരുന്നുള്ളു. വീട്ടുസാധനങ്ങളും വസ്ത്രങ്ങളും ബിരുദ സർട്ടിഫിക്കറ്റുൾപ്പെടെ കവർച്ചക്കാർ കൊണ്ടുപോയി.

1942 ആഗസ്റ്റ് 30ന് അവർ ജയിലഴിക്കുള്ളിലായി. രണ്ടുകൊല്ലത്തെ കഠിന തടവനുശേഷം പുറത്തിറങ്ങിയ ആനിയെ 1944 സെപ്തംബർ 9-ാം തീയതി സ്റ്റേറ്റ് കോൺഗ്രസ് സെക്രട്ടറിയായി തിരഞ്ഞെടുത്തു.

1948 ൽ സ്റ്റേറ്റ് ലജിസ്ളേറ്റീവ് അസംബ്ളിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആനി മസ്‌‌‌ക്രീൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്തവർഷം സ്റ്റേറ്റ് ലജിസ്ളേറ്റീവ് അസംബ്ളിയിൽ നിന്ന് കോൺസ്റ്റിറ്റ്യൂവെന്റ് അസംബ്ളിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ ഭരണഘടനയുടെ കരട് രേഖയിൽ ഒപ്പുവച്ച ഏക തെക്കേന്ത്യൻ വനിതകൂടിയായിരുന്നു ആനി മസ്‌‌‌ക്രീൻ. പറവൂർ ടി.കെ. നാരായണപിള്ള മന്ത്രിസഭയിൽ ആരോഗ്യ ഉൗർജവകുപ്പുകളുടെ ചുമതലയേറ്റ ആനി അങ്ങനെ തിരുവിതാംകൂറിലെ ആദ്യ വനിതാ മന്ത്രിയുമായി.

ലീ‌‌ഡ്

അധികാരരാഷ്ട്രീയത്തിന്റെ അകത്തളത്തിൽ നിലകൊണ്ടപ്പോഴും അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വത്തിന്റെ ഉടമ.

ജൂൺ 6 ആനി മസ്‌ക്രീൻ ജന്മദിനം