മുംബയ്: അറബിക്കടലില്‍ രൂപപ്പെട്ട അതീതീവ്ര ന്യൂനമര്‍ദം നിസര്‍ഗ ചുഴലിക്കാറ്റായി മുംബയില്‍ ആഞ്ഞുവീശുന്നു. മുംബയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള അലിബാഗിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. 100-110 കിലോമീറ്റര്‍ വേഗതയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീരം തൊട്ടത്. കാറ്റിന് വേഗത 20 കിലോമീറ്റര്‍ വരെ പ്രതീക്ഷിക്കുന്നുണ്ട്.
ആറ് മണിക്കൂറിന് ശേഷം കാറ്റ് ദുര്‍ബലപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബയ് വിമാനത്താവളം പ്രവര്‍ത്തനം വൈകീട്ട് ഏഴ് മണിവരെ നിര്‍ത്തിവച്ചു.മുംബയില്‍ നിന്നുള്ളതും മുംബയിലേക്ക് വരുന്നതുമായ ട്രെയിനുകള്‍ നേരത്തെ സമയം പുനഃക്രമീകരിച്ചിരുന്നു.
ദക്ഷിണ മുംബൈയിൽ ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. പലയിടത്തും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. ബീച്ചുകൾ, പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കൊന്നും ആരോടും എത്തരുതെന്ന് മുംബയ് കോർപ്പറേഷൻ അധികൃതരും പൊലീസും കർശനനിർദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ദാമൻ & ദിയു, ദാദ്ര & നാഗർഹവേലി എന്നീ തീരങ്ങൾ അതീവജാഗ്രതയിലാണ്.