utra-murder-

തിരുവനന്തപുരം- അഞ്ചലിൽ ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയേയും വെള്ളിയാഴ്ച അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ രാത്രിവരെ നീണ്ട ചോദ്യം ചെയ്യലിൽ ഇവർ വെളിപ്പെടുത്തിയ കാര്യങ്ങൾ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ എത്രമാത്രം ശരിയാണെന്ന് പരിശോധിക്കുന്ന പൊലീസ് സംഘം വ്യക്തതയില്ലാത്തതും സംശയം നിഴലിക്കുന്നതുമായ സംഗതികളെപ്പറ്റി വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും. ഉത്രയുടെ കൊലപാതകത്തിൽ സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും നേരിട്ട് പങ്കുള്ളതിന്റെ സൂചനകളോ തെളിവുകളോ ഇന്നലെ ലഭിക്കാതിരുന്നതാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇരുവരെയും വിട്ടയ്ക്കാൻ ഇടയാക്കിയത്. എന്നാൽ ഇവർ പൊലീസിനോട് ഇന്നലെ വെളിപ്പെടുത്തിയ ചില കാര്യങ്ങളിൽ പൊരുത്തക്കേടുകളുള്ളതായി അന്വേഷണ സംഘത്തിന് മനസിലാക്കാനായിട്ടുണ്ട്.

ഉത്രയും സൂരജും തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങളും പിണക്കങ്ങളും വർദ്ധിക്കുന്നതിനും ഉത്രയെ സൂരജിന്റെ ജീവിതത്തിൽ നിന്നൊഴിവാക്കുന്നതിനും അമ്മയുടെയും സഹോദരിയുടെയും പ്രേരണ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. ഇതിന് പുറമേ ഉത്രയെ വകവരുത്താൻ സൂരജ് ആസൂത്രണം ചെയ്ത പദ്ധതികൾക്ക് കുടുംബാംഗങ്ങളിൽ നിന്ന് വേണ്ടുവോളം സഹായവും ലഭിച്ചിട്ടുണ്ട്. ഉത്രയെ കൊലപ്പെടുത്താനായി സൂരജ് പാമ്പിനെ വാങ്ങിയതായി വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നാണ് വിവരങ്ങൾ. ഇത് സംബന്ധിച്ച് സൂരജ് മൊഴി നൽകിയതായിട്ടാണ് സൂചന. കൂടാതെ പിതാവ് സുരേന്ദ്രനും സൂരജ് നേരത്തെ പാമ്പിനെ വീട്ടിൽ കൊണ്ടുവന്നതായി മൊഴി നൽകിയിട്ടുണ്ട്. സൂരജിന്റെ മാതാവ്, സഹോദരി, പിതാവ് എന്നിവർക്കെതിരെ ​ഗാർഹിക പീഡന നിരോധന നിയമപ്രകാരം വനിത കമ്മിഷൻ കേസെടുത്തിരുന്നു.

സൂരജിന്റെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുകയും സൈബർ സെല്ലിന്റെ സഹായത്തോടെ വീട്ടുകാരിലേക്കും അന്വേഷണം വ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ദൃക്സാക്ഷികൾ ഇല്ലാത്ത അപൂർവ തരത്തിലുളള വധക്കേസായതിനാൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് ക്രൈം ബ്രാഞ്ച് ശ്രമം. ജൂൺ നാല് വരെയാണ് സൂരജിനെ കസ്റ്റഡിയിൽ വിട്ടുകൊടുത്തിരിക്കുന്നത്. വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളിൽ കസ്റ്റഡിയിൽ ലഭിക്കാനായി വരുംദിവസങ്ങളിൽ അപേക്ഷ നൽകും. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വനംവകുപ്പ് ഇവർക്കെതിരെ ചുമത്തിയത്.

സൂരജിന് സ്ത്രീധനമായും മകന് നൂലുകെട്ടിന് ലഭിച്ചതുമായ നൂറ് പവനിലേറെ സ്വ‌ർണത്തിൽ റബ്ബ‌ർ തോട്ടത്തിൽ കുഴിച്ചിട്ട 38 പവനൊഴിച്ച് ബാക്കിയുള്ള സ്വ‌ർണം അടൂരിലെ ഒരു ലോക്കറിൽ സൂക്ഷിച്ചിരിക്കുന്നതായാണ് സൂരജും പിതാവ് സുരേന്ദ്രപണിക്കരും വെളിപ്പെടുത്തിയത്. ഇത് കൂടി കണ്ടെത്തി സ്വർണത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്തുകയെന്നതാണ് അന്വേഷണ സംഘത്തിന്റെ അടുത്ത ദൗത്യം. സ്വർണം തിട്ടപ്പെടുത്തുന്നതിനൊപ്പം വെളളിയാഴ്ചത്തെ ചോദ്യം ചെയ്യലിൽ സൂരജിന്റെ അമ്മയ്ക്കോ സഹോദരിക്കോ സംഭവവുമായി ബന്ധമുണ്ടെന്ന് കണ്ടാൽ അവരെ കൂടി പ്രതിചേ‌ർക്കുകയും തെളിവെടുപ്പ് നടത്തുകയും വേണം. ഇതോടെ പ്രതികളുമായി ബന്ധപ്പെട്ട നടപടികൾ ഏറെക്കുറെ പൂ‌ർത്തിയാകും. ശാസ്ത്രീയ തെളിവുകൾ,​ രേഖകൾ തുടങ്ങി കേസിൽ നിർണാകമാകാവുന്ന മുഴുവൻ തെളിവുകളും സമാഹരിക്കുകയും 80 ദിവസത്തിനകം കുറ്റപത്രം സമ‌ർപ്പിക്കുകയുമാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള അടുത്ത വെല്ലുവിളി.