വർക്കല: വർക്കല താലൂക്കിലെ തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കും കോളനി നിവാസികളായ കുട്ടികളുടെയും പുതിയ പഠന സംവിധാനം പ്രതിസന്ധിയിൽ. സർക്കാർ നടപ്പാക്കിയ പുതിയ ഓൺലൈൻ പഠന സംവിധാനം തീരദേശമേഖലയിലെ കുട്ടികൾക്കും, കോളനികളിലെ കുട്ടികൾക്കും പല തരത്തിലുളള ബുദ്ധിമുട്ടുകൾ നേരിടുന്നതായി ആക്ഷേപം. പൊതുവേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലയാണ് ഇത്. ഒട്ടുമിക്കവരുടെയും വീടുകളിൽ ടിവിയോ ലാപ്ടോപ്പോ മൊബൈൽ ഫോണുകളോ ഇല്ല.
ഭൂരിഭാഗം കുട്ടികൾക്കും(രക്ഷിതാക്കൾക്കും) ഇവയുടെ ഉപയോഗരീതി പോലും വശമില്ല. ചില ഡിഷ് സർവീസുകളിൽ സിഗ്നൽ ഇടവിട്ടു പോകുന്നതിനാൽ പഠനത്തിന് തടസം സൃഷ്ടിക്കുന്നു. മഴ പെയ്യുമ്പോൾ ചാനൽ സിഗ്നൽ സംവിധാനം നഷ്ടപ്പെടുന്നതോടെയാണ് കുട്ടികളുടെ പഠനത്തിന് തടസം ഉണ്ടാകുന്നത്.
വർക്കല വിദ്യാഭ്യാസ ഉപജില്ലയിൽ ടിവിയും മൊബൈൽ ഫോണും ഉൾപ്പെടെയുളള സൗകര്യങ്ങൾ ഇല്ലാത്ത രണ്ടായിരത്തിലധികം കുട്ടികളാണ് ഉള്ളത്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് പലപ്പോഴും ഇന്റർനെറ്റ് സംവിധാനം കിട്ടുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.
കടയ്ക്കാവൂർ: കായിക്കര - നെടുങ്ങണ്ട പ്രദേശങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം ഏറെയും നിലച്ച മട്ടാണ്. വീടിനുള്ളിൽ പൂർണമായും നെറ്റ് വർക്ക് ലഭിക്കാത്ത അവസ്ഥയാണ്. ഇന്റർനെറ്റ് ലഭ്യമല്ലാത്തത് ഇപ്പോൾ കുട്ടികളുടെ ഓൺലൈൻ പഠനത്തെയും കാര്യമായി ബാധിച്ചിട്ടുള്ളതായി രക്ഷിതാക്കളും പരാതിപ്പെടുന്നു. കായിക്കര മുലൈത്തോട്ടം. കോവിൽ തോട്ടം. നെടുങ്ങണ്ട പ്രദേശങ്ങളിലാണ് മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്തതിനെ തുടർന്ന് പ്രദേശവാസികൾ ബുദ്ധിമുട്ടുന്നത്. തീരപ്രദേശമായ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന്റെ കായിക്കര തുടങ്ങി നെടുങ്കണ്ട വരെയുള്ള പ്രദേശങ്ങളിലാണ് മൊബൈൽ നെറ്റ് വർക്ക് ലഭിക്കാത്തത്. പ്രധാനപ്പെട്ട ഒരു ടെലിഫോൺ ദാതാക്കളുടെയും നെറ്റ്‌വർക്കും ഈ പ്രദേശങ്ങളിൽ ലഭ്യമല്ല. സമീപ പ്രദേശങ്ങളിലെ മൊബൈൽ സിഗ്നൽ ടവറുകളിൽ സിഗ്നൽ മനഃപൂർവ്വം കുറച്ചുവച്ചു പ്രദേശവാസികളെ ടെലിഫോൺ സേവന ദാതാക്കൾ കബളിപ്പിക്കുകയാണെന്ന വാദവും ഇതിനോടകം ഉയർന്നിട്ടുണ്ട്.