flood-

എറണാകുളം: പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം. കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഇതോടെ ഒന്നാം പ്രതി വിഷ്ണുപ്രസാദ്, മറ്റ് രണ്ട് പ്രതികളായ മഹേഷ്, നിഥിന്‍ എന്നിവര്‍ ജയില്‍മോചിതരായി.

ഫൊറന്‍സിക് പരിശോധന ഫലമടക്കം വൈകിയത് കുറ്റപത്രം വൈകുന്നതിന് കാരണമായെന്ന് പൊലീസ് പറയുന്നു. കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നില്ല. അന്വേഷണത്തില്‍ പലതടസങ്ങളും നേരിട്ടതിനാലാണ് കുറ്റപത്രം വൈകിയതെന്നാണ് പോലീസ് വിശദീകരണം. അതേസമയം, പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 72 ലക്ഷം രൂപയുടെ കൂടി തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ പ്രളയഫണ്ട് തട്ടിപ്പിലൂടെ ആകെ തട്ടിയ തുക ഒരു കോടിയോളം രൂപ വരുമെന്നാണ് കണ്ടെത്തല്‍.

സി.പി.എം പ്രാദേശിക നേതാക്കളടക്കമുള്ളവർ കേസിൽ പ്രതികളാണ്. പ്രതികളായ കേസിൽ മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ നിഥിന്‍ കേസില്‍ പിടിയിലായെങ്കിലും തൃക്കാക്കര ഈസ്റ്റ് ലോക്കല്‍കമ്മിറ്റി അംഗം എം.എം. അന്‍വര്‍, ഭാര്യ മുന്‍ അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൗലത്ത് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.