തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽകോളേജിൽ കൊവിഡ് ബാധിച്ച് മരിച്ച വൈദികൻ കെ.ജി. വർഗീസിന്റെ അടുത്ത കിടക്കയിൽ ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച മരിച്ച മറ്റൊരാളുടെ മരണത്തിലും സംശയം. ഇയാൾക്കും കൊവിഡ് ഉണ്ടായിരുന്നോ എന്നാണ് സംശയം ഉയരുന്നത്. വൈദികൻ പേരൂർക്കട ജില്ലാ ആശുപത്രിയിൽ പത്തുദിവസത്തോളം ചികിത്സയിലായിരുന്നു. ഇവിടെ വൈദികന്റെ തൊട്ടടുത്ത ബെഡിൽ ചികിത്സയിൽകഴിഞ്ഞയാളുടെ മരണത്തിലാണ് ആശങ്ക ഉയർന്നിരിക്കുന്നത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് ഇയാൾ ചികിത്സയിലായിരുന്നത്. ചൊവ്വാഴ്ചയാണ് ഈ രോഗി മരിച്ചത്.
കൊവിഡ് ലക്ഷണങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ സ്രവപരിശോധന നടന്നിരുന്നില്ല.എന്നാൽ ആശങ്ക ഉയർന്നതോടെ ഇയാളുടെ ബന്ധുക്കളുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വൈദികന് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.അദ്ദേഹത്തിന് പുറത്തുനിന്ന് രോഗബാധ ഉണ്ടാവാനുള്ള സാദ്ധ്യതയില്ലെന്നും ആശുപത്രിയിൽ നിന്നാവും രോഗം പകർന്നതെന്നുമാണ് ബന്ധുക്കളിൽ ചിലർ പറയുന്നത്.