തിരുവനന്തപുരം: വഞ്ചിയൂർ കോടതിയും പരിസരവും ഫയർ ഫോഴ്സ് അണുവിമുക്തമാക്കി. അന്യസംസ്ഥാനത്ത് നിന്നെത്തിയ വഞ്ചിയൂർ സ്വദേശിയായ അഭിഭാഷകൻ വിവരം മറച്ചുവച്ച് കോടതി പരിസരത്ത് ചുറ്റിത്തിരിഞ്ഞതിനെ തുടർന്നാണ് കോടതിയും പരിസരവും അണുവിമുക്ത മാക്കിയത്. ആരോഗ്യ പ്രവർത്തകർ അഭിഭാഷകനെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലാക്കി. ജില്ലാ കോടതി അധികാരികൾ ആവശ്യപ്പെട്ടിട്ടാണ് അണുവിമുക്തമാക്കൽ. അന്യസംസ്ഥാനത്ത് നിന്നെത്തിയ അഭിഭാഷകൻ 14 ദിവസം ഗൃഹനിരീക്ഷണത്തിൽ കഴിയണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചാണ് കറങ്ങിനടന്നത്. അന്യസംസ്ഥാനത്ത് നിന്നാണ് എത്തിയതെന്ന വിവരവും മറച്ചുവച്ചു. ഇയാളുടെ പരിശോധനാഫലം പോസിറ്റീവായാൽ കോടതി അടച്ചിടുന്നത് അടക്കമുളള കർശന നിയന്ത്രണങ്ങൾ വേണ്ടി വന്നേക്കും. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട നിരവധി അഭിഭാഷകരും നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയരാകേണ്ടി വന്നേക്കും. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കലും ജില്ലാഭരണകൂടത്തിന് ശ്രമകരമായിരിക്കും. ഇയാളുടെ ഒാഫീസ് സ്ഥിതി ചെയ്യുന്ന വഞ്ചിയൂരിലെ കെട്ടിടസമുച്ചയവും ഫയർ ഫോഴ്സ് അണുവിമുക്തമാക്കി.