തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വീണ്ടും വർദ്ധിപ്പിക്കാൻ നീക്കം. ഇതു സംബന്ധിച്ച കെ.എസ്.ആർ.ടി.സിയുടെയും സ്വകാര്യബസ് ഉടമകളുടെ സംഘടകളുടെയും റിപ്പോർട്ടുകൾ ഗതാഗത വകുപ്പ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന് അയച്ചുകൊടുത്തു. കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതിനു പിന്നാലെ സർക്കാർ തീരുമാനമെടുക്കും.

ഡീസൽ വില തുടർച്ചയായി വർദ്ധിച്ച സാഹചര്യത്തിൽ 2018 മാർച്ചിലാണ് അവസാനമായി ബസ് ചാർജ് വർദ്ധിപ്പിച്ചത്. ഓർഡിനറി ബസുകൾക്ക് മിനിമം ചാർജ് ഏഴിൽ നിന്ന് എട്ടായും, ഫാസ്റ്റ് പാസഞ്ചറിന് പത്തിൽ നിന്നു 11 രൂപയായും ഉയർത്തി. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് കൂട്ടാത്തതിനെതിരെ സ്വകാര്യ ബസുടമകൾ രംഗത്തെത്തിയിരുന്നു.

ലോക്ക് ഡൗണി മുമ്പു തന്നെ ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണിന് അയവു വന്നതിനെത്തുടർന്ന് ബസിൽ പകുതി സീറ്റിൽ യാത്രക്കാരെ കയറ്റാൻ തീരുമാനിച്ചപ്പോൾ, നഷ്ടമെന്നു പറഞ്ഞ് സ്വകാര്യബസുകളിൽ ഒരു വിഭാഗം വിട്ടുനിന്നു. തുടർന്ന് 50 ശതമാനം നിരക്ക് വർദ്ധിപ്പിച്ചു. മുഴുവൻ സീറ്റിലും യാത്രക്കാരെ അനുവദിച്ചപ്പോൾ നിരക്ക് പഴയതാക്കി. ഇതോടെയാണ് പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ രംഗത്തെത്തുന്നത്.

ഡീസൽ വില

കൂടിയില്ല

ഡീസലിന്റെ വില 2018 ഫെബ്രുവരിൽ -68 രൂപ

ഇന്നലത്തെ വില -67.17 രൂപ (കുറച്ചുനാളായി വിലയിൽ മാറ്റമില്ല)

സ്റ്റേജ് കാര്യേജ് നികുതി - കഴിഞ്ഞ മൂന്നു വർഷമായി കാര്യമായ വർദ്ധനയില്ല

''സ്വകാര്യബസുടമകളുടെ ആവശ്യങ്ങൾക്ക് അർഹിക്കുന്ന പരിഗണനയാണ് നൽകുന്നത്. ബസ് ‌ചാർജ് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല''

- എ.കെ.ശശീന്ദ്രൻ,

ഗതാഗതമന്ത്രി.