june03a

ആറ്റിങ്ങൽ: ലോക സൈക്കിൾ ദിനത്തിൽ ഏഴ് പതിറ്റാണ്ട് സൈക്കിൾ ചവിട്ടി ജീവിതമാർഗം കണ്ടെത്തിയ മുത്തശ്ശനെ ആറ്റിങ്ങൽ നഗരസഭ ആദരിച്ചു. ആലംകോട് റെഹ്നാ മൻസിലിൽ മുഹമ്മദ് റഷീദിനെയാണ് ചെയർമാൻ എം. പ്രദീപും കൗൺസിലർ ഡി. ഇമാമുദ്ദീനും വീട്ടിലെത്തി ആദരിച്ചത്. എഴുപത്തിയെട്ടുകാരനായ റഷീദിന്റെ വിളിപ്പേരുതന്നെ സൈക്കിൾ മാമ എന്നായിരുന്നു. പിതാവിന്റെ സൈക്കിളിൽ തന്നെയായിരുന്നു സൈക്കിൾപഠനം. പതിനൊന്നാമത്തെ വയസിൽ പിതാവ് മരിച്ചതോടെ ആ സൈക്കിളിൽ മുട്ട വ്യാപാരം ചെയ്ത് ഉപജീവനമാർഗം കണ്ടെത്തി. സൈക്കിളിന് പിന്നിൽ മുട്ട ട്രേകളുമായി നാൽപത് കിലോമീറ്റർ വരെ സഞ്ചരിച്ച് കടകളിൽ എത്തിക്കുമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് മുട്ട വ്യാപാരം മതിയാക്കിയെങ്കിലും സൈക്കിൾ സവാരി ഒഴിവാക്കിയിരുന്നില്ല. റഷീദിനെ ആലംകോട്ട്കാരും പരിചയക്കാരും സൈക്കിളിൽ മാത്രമേ കണ്ടിട്ടുള്ളൂ. പ്രായാധിക്യത്താൽ സൈക്കിളിൽ കയറാനാകാതായപ്പോഴും ഇദ്ദേഹം സൈക്കിൾ പടിച്ചുരുട്ടി നടക്കുമായിരുന്നു.