എറണാകുളം: മലപ്പുറം വളാഞ്ചേരിയിൽ ഒമ്പതാം ക്ലാസുകാരി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെടുന്നു. സംഭവം വേദനിപ്പിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ദൗർഭാഗ്യകരമായ സംഭവമാണുണ്ടായത്. സൗജന്യ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ നിൽക്കെയാണ് ഈ സംഭവമെന്ന് കോടതി പറഞ്ഞു. ഇത് പൊതുതാത്പര്യമുള്ള വിഷയമാണെന്നും കോടതി വ്യക്തമാക്കി. സംഭവം ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് കോടതി വിട്ടു. സി.ബി.എസ്.ഇ സ്കൂൾ ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം.