തിരുവനന്തപുരം: വനം വകുപ്പിനെ മറികടന്ന് മണൽ കൊള്ള നടത്താൻ ഉന്നത ഗൂഢാലോചന നടന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കൊവിഡ് സമയത്ത് രക്ഷകരായി ചമഞ്ഞ് ഏതൊക്കെ തരത്തിൽ കൊള്ള നടത്താമോ അതിനെല്ലാം സർക്കാർ ശ്രമിക്കുകയാണ്. വനംവകുപ്പ് സെക്രട്ടറിയുടെ കഴിഞ്ഞ ദിവസത്തെ കത്ത് താൻ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നു.
വനംവകുപ്പിന്റെ അധീനതയിലുള്ള മണൽ അവരറിയാതെ കച്ചവടം നടത്തിയത് ആരുടെ താത്പര്യത്തിനാണ്?. റിട്ടയർ ചെയ്യുന്നതിന് തൊട്ടു മുൻപ് അന്നത്തെ ചീഫ് സെക്രട്ടറിയും പുതിയ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഒന്നിച്ച് ഹെലികോപ്ടറിൽ അവിടം സന്ദർശിച്ച് തീരുമാനമെടുത്തതിലൂടെ ഉന്നതതലത്തിൽ ഗൂഢാലോചന നടന്നെന്ന് വ്യക്തമാണ്. പ്രളയം കഴിഞ്ഞ് രണ്ടുവർഷമായിട്ടും മണൽ മാറ്റാതെ ഇപ്പോൾ ദുരന്തനിവാരണത്തിന്റെ പേരിൽ ഉത്തരവിറക്കിയത് തട്ടിപ്പിനാണ്. വനം വകുപ്പു മന്ത്രിക്കും പാർട്ടിക്കും എന്താണ് പറയാനുള്ളത്?. കോടിക്കണക്കിന് രൂപയുടെ കൊള്ളയ്ക്കായി നടന്ന ഗൂഢാലോചനയെക്കുറിച്ച് സമഗ്ര അന്വേഷണം വേണം.