വാഷിംഗ്ടൺ : ജോർജ് ഫ്ലോയിഡിന്റെ മരണത്തെ തുടർന്ന് അമേരിക്കയിൽ പ്രതിഷേധം ആളിക്കത്തുകയാണ്. ആളുകൾ വൻ തോതിൽ കൂട്ടം കൂടിയുള്ള ഈ പ്രതിഷേധം കൊവിഡ് 19ന്റെ ശക്തമായ വ്യാപനത്തെ ആളിക്കത്തിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ദർ. ഇപ്പോൾ തന്നെ ഒരു ലക്ഷത്തിലേറെ അമേരിക്കൻ ജനത കൊവിഡ് 19നെ തുടർന്ന് മരണത്തിന് കീഴടങ്ങിക്കഴിഞ്ഞു. രാജ്യമൊട്ടാകെ പടർന്നു പിടിക്കുന്ന ഈ പ്രതിഷേധങ്ങൾ അമേരിക്കയിൽ അതിതീവ്രമായ രോഗവ്യാപനത്തിനിടയാക്കുമെന്ന് യൂണിവേഴ്സിറ്റി ഒഫ് മിനിസോട്ടയിലെ സെന്റർ ഫോർ ഇൻഫെക്‌ഷ്യസ് ഡിസീസ് റിസേർച്ച് ആൻഡ് പോളിസി ഡയറക്ടറായ മൈക്കൽ ഓസ്ടെർഹോം പറയുന്നു.
ഇപ്പോൾ ടിയർ ഗ്യാസ്, പെപ്പർ സ്പ്രേ, സ്മോക് ഗ്യാസ് തുടങ്ങിയവയാണ് പൊലീസ് പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ ഉപയോഗിക്കുന്ന ആയുധം. പ്രതിഷേധക്കാരാകട്ടെ കണ്ണിൽ പെടുന്നതെന്തും അഗ്നിക്കിരയാക്കുന്നതുമുണ്ട്. ഈ സന്ദർഭങ്ങളിൽ മിക്കവർക്കും സ്വാഭാവികമായി ചുമ, തുമ്മൽ തുടങ്ങിയവ അനുഭവപ്പെടും. കൊറോണ വൈറസിന്റെ വ്യാപനത്തിന് ഇത് തന്നെ ധാരാളം. തങ്ങൾ എത്ര ആരോഗ്യവാൻമാർ ആണെന്ന് പറഞ്ഞാലും കൊവിഡ് രോഗികളിൽ മൂന്നിലൊരാൾക്ക് കൊവിഡ് ലക്ഷണങ്ങൾ പ്രകടമാകില്ലെന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് ആൻഡ് പ്രിവെൻഷൻ പറയുന്നത്. പ്രതിഷേധക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുമ്പോഴും അവരെ ജയിലിലേക്ക് മാറ്റുമ്പോഴും ഒരുമിച്ച് ഒരു വാഹനത്തിൽ കൊണ്ടുപോകുമ്പോഴുമെല്ലാം ഉറവിടം കണ്ടെത്താൻ പോലുമാകാത്ത വിധം വൈറസ് വ്യാപനം നടക്കും.
ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ ഒരു മഹാമാരിയുടെ വ്യാപനത്തിന്റെ തോത് ഇരട്ടിയാക്കുമെന്നതിൽ സംശയമില്ല. 1918ലെ സ്പാനിഷ് ഫ്ലൂ കാലഘട്ടം തന്നെ അമേരിക്കൻ ജനതയ്ക്ക് മുന്നിൽ ഇതിന്റെ ഉദാഹരണമാണ്. 1918 സെപ്റ്റംബറിൽ സ്പാനിഷ് ഫ്ലൂവിന്റെ വ്യാപ്തി കുറഞ്ഞ ഘട്ടത്തിൽ ഫിലാഡെൽഫിയയിൽ മിലിട്ടറി പരേഡ് നടത്താൻ തീരുമാനിച്ചിരുന്നു. 200,000 പേർ അത് കാണാൻ ഫിലാഡെൽഫിയയിൽ തടിച്ചു കൂടി. ദിവസങ്ങൾക്കുള്ളിൽ തന്നെ ആശുപത്രിക്കിടക്കകൾ നിറഞ്ഞ് കവിഞ്ഞു. ആറാഴ്ചക്കുള്ളിൽ ഫിലാഡെൽഫിയയിൽ മരിച്ച് വീണത് 12,000 ത്തിലേറെ പേർ. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഈ പരേഡ് സൃഷ്ടിച്ച ആഘാതം ഒരിക്കലും മറക്കാനാകില്ല. അന്ന് അമേരിക്കയിൽ സ്പാനിഷ് ഫ്ലൂവിന്റെ ഏറ്റവും വലിയ പ്രഭാവ കേന്ദമായി മാറിയതും ഈ പരേഡാണ്. ഇന്ന് നടക്കുന്ന പ്രതിഷേധങ്ങൾ ഫിലാഡെൽഫിയയിലെ പരേഡ് വീണ്ടും ആവർത്തിക്കാനിടയാക്കാമെന്ന് ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.
പ്രതിഷേധക്കാരോട് കുറഞ്ഞത് മാസ്ക് ധരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും ഗവർണർമാരും മേയർമാരും അഭ്യർത്ഥിക്കുന്നുണ്ട്. വൈറസ് വ്യാപിക്കാനും ആളുകൾ മരിക്കുന്നത് കാണാനും തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ന്യൂയോർക്ക് മേയർ ബിൽ ഡി ബ്ലാസിയോ പറയുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ കൊവിഡ് ടെസ്റ്റിന് വിധേയമാകണെന്ന് ഗവർണർമാർ നിർദ്ദേശിക്കുന്നുണ്ട്. വരുന്ന രണ്ടാഴ്ചക്കുള്ളിൽ തന്നെ പ്രതിഷേധങ്ങൾ അമേരിക്കയിലെ കൊവിഡ് വ്യാപനത്തിലുണ്ടാക്കാൻ പോകുന്ന മാറ്റം അറിയാൻ സാധിക്കുമെന്ന് ഗവേഷകർ ആശങ്കയോടെ പറയുന്നു.