തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറ് വർഷത്തിൽ ഒരിയ്ക്കൽ നടക്കുന്ന മുറജപത്തോട് അനുബന്ധിച്ചുളള ലക്ഷദീപ നടത്തിപ്പിലെ അഴിമതി ആരോപണങ്ങൾ മജിസ്ട്രേട്ട് അദ്ധ്യക്ഷനായ വിദഗ്ദ്ധ സാങ്കേതിക സമിതി പരിശോധിക്കും. അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് ആർ. ജയകൃഷ്ണൻ അടക്കം വിവിധ മേഖലകളിലെ വിദഗ്ദ്ധരാണ് സമിതിയിൽ. സമതിയുടെ പരിശോധനയ്ക്ക് വിധേയമായിട്ടാകും ലക്ഷദീപത്തിന്റെ ചെലവ് കണക്കുകൾ ഭരണസമിതി അംഗീകരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയാണ് മുറജപത്തിനും ലക്ഷദീപത്തിനുമായി ചെലവഴിച്ചത്. ഭക്തരിൽ നിന്ന് ലക്ഷദീപത്തിന് വൻ തുകകൾ സംഭാവനയായി ലഭിച്ചിരുന്നു. ലക്ഷദീപത്തിന്റെ കണക്കുകൾ പരിശോധനയ്ക്ക് വിധേയമാക്കണ മെന്നാവശ്യപ്പെട്ട് ഇടത് തൊഴിലാളി സംഘടന സമരത്തിലാണ്. വിവരാവകാശ നിയമപ്രകാരം കണക്കുകൾ ആവശ്യപ്പെട്ട് തൊഴിലാളി സംഘടന നൽകിയ അപേക്ഷയ്ക്ക് മറുപടി ലഭിച്ചിരുന്നില്ല.
വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്ന സമിതി ജില്ലാ ജഡ്ജിയുടെ നേതൃത്ത്വത്തിലുളള ഭരണസമിതിക്കായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. ഭരണ സമിതിയുടെ അംഗീകാരത്തിനുശേഷം വരവ് ചെലവ് കണക്കുകൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കും.