തിരുവനന്തപുരം:മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ നാലാഞ്ചിറ സ്വദേശി ഫാദർ കെ.ജി. വർഗീസിന്റെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളിയാകുന്നു. വൈദികന് കൊവിഡ് ബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താനാകാത്തത് സംസ്ഥാനത്തെ രോഗവ്യാപനത്തിൽ ആശങ്ക കൂട്ടുന്നു. കടുത്ത ന്യൂമോണിയയുണ്ടായിരുന്ന ഇദ്ദേഹത്തിന് മരണശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.വാഹനാപകടത്തെ തുടർന്ന് ആശുപത്രിയിലാക്കുകയും തിരികെ കൊണ്ടുവരികയും പിന്നീട് വീണ്ടും ആശുപത്രിയിലാക്കുകയും ചെയ്തതിനിടയിൽ വൈദികനെ കാണാനെത്തിയവരിൽ നിന്നാണോ ആശുപത്രിയിൽ നിന്നാണോ രോഗം പകർന്നത് എന്നതിൽ ഒരു ധാരണയും ആരോഗ്യവകുപ്പിനില്ല. വൈദികനുമായി ബന്ധമുളളവരും സഭാവിശ്വാസികളും ആശങ്കയിലാണ്. വൈദികന്റെ സമ്പർക്ക പട്ടിക ഇതുവരെ തയ്യാറാക്കാനായിട്ടില്ല.

19 ഡോക്ടർമാർ ക്വാറന്റൈനിൽ

തിരുവനന്തപുരം:മെഡിക്കൽ കോളേജിൽ ഇദ്ദേഹത്തെ ചികിത്സിച്ച 10 ഡോക്ടർമാർ അടക്കം 23 ജീവനക്കാരോടും പേരൂർക്കട ജനറൽ ആശുപത്രിയിൽ ഇദ്ദേഹത്തെ ചികിത്സിച്ച ഒമ്പത് ഡോക്ടർമാരോടും ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി പേരൂർക്കട ആശുപത്രിയിൽ വൈദികനെ പ്രവേശിപ്പിച്ചതും അതിന് തൊട്ടടുത്തുള്ളതുമായ രണ്ട് വാർഡുകൾ അടച്ചിട്ടു.

വാഹനാപകടത്തെ തുടർന്ന് ഏപ്രിൽ 20നാണ് വൈദികനെ ആദ്യം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. മേയ് 20ന് പേരൂർക്കട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പനി മൂലം 23 നും 27നും മെഡിക്കൽ കോളേജാശുപത്രിയിലെത്തി പരിശോധിച്ച ശേഷം പേരൂർക്കടയിലേക്ക് കൊണ്ടുപോയിരുന്നു. കടുത്ത ശ്വാസതടസം മൂലം 31ന് വീണ്ടും മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്വാബ് ടെസ്റ്റ് എടുത്തെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ ഇദ്ദേഹം മരിച്ചു.