തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചു മരിച്ച വൈദികൻ ഫാദർ കെ.ജി. വർഗീസിന്റെ സംസ്‌കാരം വൈകുന്നു. മൃതദേഹം നെട്ടയം മലമുകളിലെ സെമിത്തേരിയിലെത്തിക്കുമെന്ന് അറിഞ്ഞതോടെ ഒരു വിഭാഗം നാട്ടുകാർ സംസ്‌കാരം തടയുകയായിരുന്നു. മലമുകളിലെ സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കുന്നത് വിലക്കി ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെത്തിയത്. വൈദികന്റെ മൃതദേഹം മറ്റൊരിടത്ത് സംസ്കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് സംസ്‌കാരത്തിന് മുന്നൊരുക്കം നടത്താനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞു. സെമിത്തേരിയിൽ സംസ്‌കരിക്കാമെന്ന് വാദിച്ച് വൈദികരും സ്ഥലത്തെത്തിയിരുന്നു. നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നാട്ടുകാരുമായി ചർച്ച നടത്തി. കോടതി ഉത്തരവിനെ സംബന്ധിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇരുവിഭാഗവുമായി ഒരുവട്ടം ചർച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ലെന്ന് വട്ടിയൂർക്കാവ് സി.ഐ പറഞ്ഞു. ഇന്ന് ഇതുസംബന്ധിച്ച് വീണ്ടും ചർച്ച നടക്കും. പ്രശ്‌നം പരിഹരിച്ച ശേഷം മാത്രമേ മൃതദേഹം ഇവിടേക്ക് എത്തിക്കൂ. നാലാഞ്ചിറയിലുള്ള വൈദികന്റെ ഇടവകയിൽ സംസ്‌കരിക്കാനായിരുന്നു ആദ്യം ആലോചിച്ചതെങ്കിലും ഇവിടെ ആഴത്തിൽ കുഴിയെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് പുതിയ സ്ഥലം കണ്ടെത്തിയത്. വൈദികന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലാണുള്ളത്.