മലയിൻകീഴ്: അടിവാരം ഇളകിയ കൂറ്റൻ കരിങ്കൽ മതിൽ ഏത് നിമിഷവും വീടിന് മുകളിൽ പതിയ്ക്കാമെന്ന ഭയത്തിലാണ് വിളവൂർ പെരുങ്കാവ് പാറപ്പൊറ്റ പൂവണംവിളയിൽ രാജീവും കുടുംബവും. ഈ കുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന കരിങ്കൽ മതിൽ പൊളിച്ച് മാറ്രാൻ വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഷീറ്റുമേഞ്ഞ മൂന്ന് മുറി വീട്ടിൽ രാജീവും ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളും കഴിഞ്ഞ ആറ് മാസത്തോളമായി ഭീതിയിലാണ് വീടിനുള്ളിൽ കഴിയുന്നത്. കഴിഞ്ഞ മഴയിൽ കരിങ്കൽ കെട്ടിന്റെ അടിഭാഗത്തെ കല്ലുകൾ ഇളകി മാറിയിരുന്നു. മതിലിന് 15 അടിയോളം നീളമുണ്ട്. മതിൽ നിലംപതിച്ചാൽ വൻദുരന്തമാകും ഉണ്ടാവുകയെന്നാണ് നാട്ടുകാർ പറയുന്നത്. മതിൽ പൊളിച്ച് മാറ്റുന്നതിന് നടപടി ആവശ്യപ്പെട്ട് മലയിൻകീഴ് പൊലീസ്, വിളവൂർക്കൽ പഞ്ചായത്ത്,വില്ലേജ് എന്നിവിടങ്ങളിൽ പരാതി നൽകിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ ഇരുകൂട്ടരെയും വിളിച്ച് ചർച്ച നടത്തിയിരുന്നു. മതിൽ പൊളിക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും മതിൽ പൊളിച്ച് മാറ്റില്ലെന്ന ഉറച്ച നിലപാടിലാണ് വസ്തു ഉടമ.
(ഫോട്ടോ അടിക്കുറിപ്പ്...വീടിന് ഭീഷണിയായി നിൽക്കുന്ന സമീപത്തെ കരിങ്കൽ മതിൽ)