gulam-

മംഗളൂരു: ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തിയ കേസിലെ പ്രതി ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. അധോലോക നായകൻ രവി പൂജാരിയുടെ കൂട്ടാളിയായ ഗുലാമിനെയാണ് മംഗളൂരു നഗരത്തിലെ രഹസ്യകേന്ദ്രത്തിൽ നിന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.

രവി പൂജാരിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി പലരിൽ നിന്നും വൻ തുകകൾ തട്ടിയെടുത്തതടക്കം ഗുലാമിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. രവിപൂജാരിയെ ആഫ്രിക്കയിലെ സിനെഗലിൽ നിന്ന് അടുത്തിടെയാണ് കർണാടക പൊലീസിന് കൈമാറിയത്. പൂജാരിക്കെതിരെ മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ് പരിധിയിൽ മാത്രം 50 കേസുകളാണുള്ളത്. പൂജാരി പിടിയിലായെങ്കിലും കൂട്ടാളികളായ നിരവധി പേർ ഇപ്പോഴും പൊലീസിന് പിടികൊടുക്കാതെ ഒളിവിലാണ്. ഇപ്പോൾ പിടിയിലായ ഗുലാം, പൂജാരിയുടെ വലംകൈയായാണ് അറിയപ്പെടുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തു.