തിരുവനന്തപുരം: ലോക സൈക്കിൾ ദിനത്തിൽ വീട്ടിൽ നിന്നും നഗരസഭയിലേക്ക് സൈക്കിളിലെത്തി മേയർ കെ.ശ്രീകുമാർ. ചാക്കയിലെ വീട്ടിൽ നിന്നും നഗരസഭയിലേക്കുള്ള 5 കിലോമീറ്റർ ദൂരമാണ് മേയർ സൈക്കിൾ സവാരി നടത്തിയത്. സ്ഥിരമായി വ്യായാമത്തിന്റെ ഭാഗമായി സൈക്കിൾ ചവിട്ടാറുണ്ടെന്നും ആരോഗ്യ സംരക്ഷണത്തിനും പരിസ്ഥിതിയുടെ നന്മയ്ക്കും ചെറുയാത്രകൾ സൈക്കിളിലാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിൽ 8,9,10 ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സൗജന്യമായി സൈക്കിൾ നൽകാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സുരക്ഷിതമായ സൈക്കിൾ സവാരിക്കായി നഗരത്തിലെ മൂന്ന് കേന്ദ്രങ്ങളിൽ സൈക്കിൾ പാതകൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.