തിരുവനന്തപുരം: ജില്ലയിൽ ഓൺലൈൻ ടെലിവിഷൻ സൗകര്യമില്ലാത്ത എല്ലാ വിദ്യാർത്ഥികൾക്കും പഠനസൗകര്യം ഉറപ്പാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അറിയിച്ചു. ജില്ലയിലെ ആദിവാസി മേഖലകളിലും തീരപ്രദേശത്തും കോളനികളിലുമടക്കം ടെലിവിഷൻ സൗകര്യമില്ലാത്ത വിദ്യാർത്ഥികളുടെ കണക്കെടുപ്പ് പൂർത്തീകരിച്ചു. ഇവർക്കായി ജില്ലാ പഞ്ചായത്ത് 'ഓൺ ഓൺലൈൻ' പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കും. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാർ, എസ്.എസ്.കെ കോ ഓർഡിനേറ്റർമാർ, ബി.പി.ഒ മാർ, എസ്.സി - എസ്.ടി ജില്ലാ ഓഫീസർമാർ, ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ഇന്ന് രാവിലെ 11ന് ജില്ലാ പഞ്ചായത്തിൽ നടക്കും. ടി.വി ഇല്ലാത്ത സ്ഥലങ്ങളിൽ വാങ്ങി നൽകാനും തീരുമാനമുണ്ട്.
പദ്ധതിയിൽ നടപ്പാക്കുന്നത്
----------------------------------------------------------
എൽ.പി, യു.പി സ്‌കൂളുകളിൽ പഞ്ചായത്തും
ഹൈസ്‌കൂളുകളിൽ ജില്ലാ പഞ്ചായത്തും പഠനം ഉറപ്പാക്കും
പട്ടികജാതി കോളനികളിൽ ഓൺലൈൻ ക്ലാസ്
സംഘടിപ്പിക്കുന്നതിന് കേന്ദ്രീകൃത സംവിധാനം
പട്ടികവർഗ സങ്കേതങ്ങളിൽ ഇതിനായി ഏകാദ്ധ്യാപക
വിദ്യാലയങ്ങളിലും സൗകര്യം ഒരുക്കും
പട്ടികവർഗ സങ്കേതങ്ങളിൽ ഊരുകൂട്ട ഫെസിലിറ്റേറ്റർമാരുടെയും
ഊരുകൂട്ട വോളന്റിയർമാരുടെയും സേവനം പ്രയോജനപ്പെടുത്തും.
ഗ്രാമങ്ങളിലെ ഗ്രന്ഥശാലകൾ, യൂത്ത് ക്ലബുകൾ എന്നിവിടങ്ങളിൽ
സാമൂഹിക അകലം പാലിച്ച് ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കും.
ജില്ലയിൽ ഓൺലൈൻ സൗകര്യമില്ലാത്ത
വിദ്യാർത്ഥികൾ - 19,671 പേർ