തിരുവനന്തപുരം: കൊവിഡ് പാക്കേജിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളിൽ 84,48,016 എണ്ണം റേഷൻ കടകൾ വഴി വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആകെ 86,19,951 കിറ്റുകളാണ് ലഭ്യമാക്കിയതെന്നും ഇനിയും 1,71,935 കിറ്റുകൾ സ്‌റ്റോക്കുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പതിനേഴ് ഇനം പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റുകൾ തയ്യാറാക്കുന്നതിന് വോളണ്ടിയർമാർ സമയപരിധി ഇല്ലാതെ പ്രവർത്തിച്ചെന്ന് പറഞ്ഞ മുഖ്യമന്ത്രി സമയബന്ധിതമായി കിറ്റ് വിതരണം പൂർത്തിയാക്കിയ ജീവനക്കാരേയും തൊഴിലാളികളേയും റേഷൻകട ഉടമകളേയും വോളണ്ടിയർമാരേയും അഭിനന്ദിച്ചു. ആകെ 850.13 കോടി രൂപ കിറ്റ് നൽകാൻ ചെലവായതായും മുഖ്യമന്ത്രി പറഞ്ഞു.