mercikuttiyamma

തിരുവനന്തപുരം: മത്സ്യബന്ധന മേഖലയുടെ വികസനത്തിനും മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി നിർമ്മിച്ച മുതലപ്പൊഴി ഹാർബർ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. 40 കോടി രൂപ ചെലവഴിച്ചാണ് ഹാർബർ നിർമാണം പൂർത്തീകരിച്ചത്. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് നടത്തിയത്. പദ്ധതി നേരത്തെ തന്നെ പൂർത്തീകരിച്ചിരുന്നെങ്കിലും തുറമുഖ ചാനലിൽ മണ്ണ് അടിഞ്ഞതിനാൽ യാനങ്ങൾക്ക് കരയ്‌ക്കെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഉദ്ഘാടനം നീണ്ടത്. പദ്ധതിയുടെ ഭാഗമായി താഴംപള്ളി ഭാഗത്ത് 420 മീറ്റർ പുലിമുട്ട്, 150 മീറ്റർ വാർഫ്, വിസ്തൃതമായ ലേലഹാൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്. പെരുമാതുറ ഭാഗത്തും ലേലഹാൾ സജ്ജീകരിച്ചിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് ബിൽഡിംഗ്, അപ്രോച്ച് റോഡ്, പാർക്കിംഗ് ഏരിയ, ലോക്കർ മുറികൾ, ടോ‌‌യ്‌ലറ്റ്, സെക്യൂരിറ്റി റൂം, ജലവിതരണ സംവിധാനം, വൈദ്യുതീകരണം എന്നിവയും പൂർത്തിയായിട്ടുണ്ട്.