ശ്രീകണ്ഠപുരം: കാഞ്ഞിരക്കൊല്ലി ശാന്തിനഗറിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് കവർന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ.നിടിയേങ്ങ വേളായിയിലെ പുല്ലാഞ്ഞി സനു മനോജ് (19), തളിപ്പറമ്പ് പന്നിയൂരിലെ ഇടത്തിൽ ജിതിൻ നാരായണൻ (23), ശാന്തിനഗർ സ്വദേശിയായ പതിനേഴുകാരൻ എന്നിവരെയാണ് പയ്യാവൂർ എസ്.ഐ. പി.സി. രമേശനും സംഘവും ഇന്നലെ പുലർച്ചെ പിടികൂടിയത്.ശാന്തിനഗറിലെ എൻ.എസ്. വിപിന്റെ സ്റ്റണ്ടിംഗിന് ഉപയോഗിക്കുന്ന രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന കെ.എൽ. 59 എസ് 8355 ഡ്യൂക്ക് ബൈക്കാണ് കവർന്നത്.കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയത്. ബൈക്ക് റൈസിംഗ് കമ്പമുള്ള ജിതിൻ ഇത്തരത്തിലുള്ള ബൈക്കിനായി സുഹൃത്തായ സനുവിനെ സമീപിക്കുകയായിരുന്നു. സനുവും പതിനേഴുകാരനായ പ്രതിയും ചേർന്നാണ് ബൈക്ക് കവർന്നത്. തുടർന്ന് നമ്പർ പ്ലേറ്റ് മാറ്റി വ്യാജ നമ്പർ പതിപ്പിച്ച് ജിതിന്റെ നിർദേശപ്രകാരം പന്നിയൂരിലെ വിജനമായ പ്രദേശത്ത് ബൈക്ക് എത്തിക്കുകയായിരുന്നു.
പൊലീസ് അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന സൂചന ലഭിച്ചതോടെ ഇന്നലെ പുലർച്ചെ ബൈക്ക് ശാന്തിനഗറിലേക്ക് കൊണ്ടുവരുന്നതിനിടെ കാഞ്ഞിരക്കൊല്ലിയിൽ വച്ച് പൊലീസ് സംഘം ബൈക്ക് തടഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.