ബാലരാമപുരം: ഫണ്ട് അനുവദിച്ച് ടെൻഡർ പൂർത്തിയായിട്ടും ചാനൽപ്പാലം - റസ്സൽപ്പുരം റോഡിന്റെ നവീകരണം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റസ്സൽപ്പുരം റോഡിൽ ട്രാൻസ്‌ഫോർമറിന് സമീപമുള്ള വൻ കുഴികൾ അപകടം വരുത്തിവയ്ക്കുകയാണ്. താരതമ്യേന വീതികുറഞ്ഞ റോഡിൽ വെള്ളക്കെട്ട് കൂടിയതോടെ വാഹനയാത്ര ദുഷ്കരമായി. കഴിഞ്ഞ ദിവസങ്ങളിൽ തിമിർത്ത് പെയ്ത മഴയിൽ റോഡിലെ ടാർ ഇളകി മാറി. കോവളം - കാട്ടാക്കട നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് 15 കോടി രൂപ മാസങ്ങൾക്ക് മുമ്പ് അനുവദിച്ച് കരാർ നൽകിയെങ്കിലും ലോക്ക് ഡൗണായതോടെ നിർമാണം തടസപ്പെട്ടു. റോഡിലെ കുഴികൾ നികത്തുന്നതിന് അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴ തുടർന്നാൽ ടാറിംഗ് വീണ്ടും തടസപ്പെടുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.