തിരുവനന്തപുരം: വിക്ടേഴ്സ് ചാനലിൽ സ്കൂൾ കുട്ടികൾക്ക് ഓൺലൈൻ ക്ലാസെടുത്ത അദ്ധ്യാപികമാരെ വാട്സ്ആപിലും ഇൻസ്റ്റാഗ്രാമിലും സാമൂഹ്യമാദ്ധ്യമങ്ങളിലും അവഹേളിച്ച കണ്ണൂർ, എറണാകുളം, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ ആറ് പ്ലസ്ടു, പ്ലസ് വൺ വിദ്യാർത്ഥികളെ സൈബർ ക്രൈം പൊലീസ് കണ്ടെത്തി.
ഇവരുടെ മൊഴി രേഖപ്പെടുത്തി.ഫോൺ പിടിച്ചെടുത്ത ശേഷം വിട്ടയച്ചു. പ്രായപൂർത്തിയാകാത്തതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയില്ല. ബ്ലൂ സാരി ടീച്ചർ ആർമി എന്ന പേരിൽ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ മലപ്പുറത്തെ പ്ലസ്ടുക്കാരനെയും കണ്ടെത്തി. ഈ പതിനാറുകാരന്റെ രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നൽകി.
ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസ് കണ്ട് കൗതുകത്തിനാണ് ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കിയതെന്നാണ് അഡ്‌മിന്റെ മൊഴി. വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയ ശേഷം മറ്റുള്ളവർക്ക് ലിങ്ക് അയച്ചുകൊടുത്തു. ഗ്രൂപ്പിൽ ഇരുന്നൂറിലേറെ പേർ അംഗങ്ങളായി. എല്ലാ ജില്ലകളിലും നിന്നുള്ളവർ ഇക്കൂട്ടത്തിലുണ്ട്. മിക്കവർക്കും പരസ്പരം അറിയില്ല.
മോശം കമന്റിട്ടത്
വേറെ ആളുകൾ
അദ്ധ്യാപികമാർക്കെതിരെ മോശം കമന്റിട്ടത് വേറെ ആളുകളാണ്. മോശം കമന്റ് കണ്ടയുടൻ അഡ്‌മിൻ ഡിലീറ്റ് ചെയ്തു. കേസെടുക്കുമെന്നായതോടെ ഗ്രൂപ്പ് ഡീ ആക്ടിവേറ്റ് ചെയ്തു. അധ്യാപികമാരെ അവഹേളിക്കുന്ന തരത്തിൽ കമന്റിട്ട പലരേയും കണ്ടെത്തേണ്ടതുണ്ടെന്ന് സൈബർ ക്രൈം പൊലീസ് അറിയിച്ചു. ഗ്രൂപ്പും സന്ദേശങ്ങളും ഡിലീറ്റ് ചെയ്തതിനാൽ അവ കണ്ടെടുക്കേണ്ടതുണ്ട്. പാലക്കാട്, മലപ്പുറം കണ്ണൂർ ജില്ലകളിൽ നിന്നാണ് കൂടുതൽ പേർ ഗ്രൂപ്പിൽ അംഗങ്ങളായത്.
അധ്യാപികമാർക്കെതിരെ സാമൂഹ മാധ്യമങ്ങളിലെ അപകീർത്തിപരമായ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ ക്റൈം പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. ഫേസ്ബുക്ക്, യു ട്യൂബ്, ഇൻസ്റ്റഗ്റാം, വാട്സാപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ, എഡിജിപി മനോജ് എബ്റഹാമിന് നൽകിയ പരാതിയിലാണ് കേസ്. സംഭവത്തിൽ യുവജന കമ്മിഷനും കേസെടുത്തിരുന്നു.