pinarai-vijayan

തിരുവനന്തപുരം: വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി പ്രവാസികളുമായി വിമാനങ്ങൾ വരുന്നതിന് സംസ്ഥാന സർക്കാർ ഒരു നിബന്ധനയും വച്ചിട്ടില്ലെന്നും. ഒരു ഫ്‌ളൈറ്റിനും 'നോ' പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

വിദേശകാര്യമന്ത്രാലയം ചോദിച്ച എല്ലാ വിമാനത്തിനും അനുമതി നൽകിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ജൂൺ മാസം പ്രതിദിനം 12 വിമാനങ്ങളുണ്ടാവുമെന്നാണ് അറിയിച്ചിരുന്നത്. സംസ്ഥാനം അതിന് പൂർണ സമ്മതമറിയിച്ചു. അതുപ്രകാരം ജൂണിൽ 360 വിമാനങ്ങളാണ് വരേണ്ടത് എന്നാൽ ജൂൺ 3 മുതൽ 10 വരെ 36 സർവീസുകൾ മാത്രമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത് കേരളം അനുമതി നൽകിയ 324 വിമാനങ്ങൾ ഇനിയും ഷെഡ്യൂൾ ചെയ്യാനുണ്ട്. കേന്ദ്രം ഉദ്ദേശിച്ച രീതിയിൽ വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാൻ കഴിയുന്നില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും, അതിനവരെ കുറ്റം പറയാനാവില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രവാസികൾക്കായുള്ള വിമാനസർവീസ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി വി.മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു..

വന്ദേ ഭാരത് മിഷനിൽപ്പെടാത്ത 40 ചാർട്ടേഡ് വിമാനങ്ങൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ജൂൺ രണ്ടുവരെ 14 വിമാനങ്ങൾ മാത്രമാണ് ഷെഡ്യൂൾ ചെയ്തത്. 26 എണ്ണം ഷെഡ്യൂൾ ചെയ്യാനുണ്ട് അത് പൂർത്തിയായാൽ ഇനിയും അനുമതി നൽകും. വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയവരെ കൊണ്ടുവരുന്നതിന് തൊഴിലുടമകളോ , സംഘടനകളോ വിമാനം ചാർട്ട് ചെയ്യുന്നുണ്ടെങ്കിൽ അതിനൊരു തടസ്സവും ഉന്നയിച്ചിട്ടില്ല. യാത്രക്കാരിൽ നിന്ന് പണം ഈടാക്കി കൊണ്ടു വരുന്നതിന് സർക്കാർ രണ്ട് നിബന്ധന വച്ചിട്ടുണ്ട്. ഒന്ന്- വിമാന നിരക്ക് വന്ദേ ഭാരതിന് തുല്യമായിരിക്കണം. രണ്ട്- ജോലി നഷ്ടപ്പെട്ടവർ, വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവർ, ഗർഭിണികൾ, മറ്റു രോഗങ്ങളുള്ളവർ, കുട്ടികൾ ഇത്തരക്കാർക്ക് മുൻഗണന നൽകണം.

പ്രവാസികളെ കൊണ്ടുവരുന്നതിന് സ്‌പൈസ് ജെറ്റിന് കേരളത്തിലേക്ക് 300 സർവീസിന് അനുമതി നൽകിയിട്ടുണ്ട്. ഒരു ദിവസം 10 എന്ന തോതിൽ ഒരുമാസം കൊണ്ടാണിത്. അബുദാബിയിലെ ഒരു സംഘടനയുടെ ചാർട്ടേഡ് വിമാനത്തിനും അനുമതി നൽകി