p-u-chithra

ന്യൂഡൽഹി : മലയാളി വനിതാ അത്‌ലറ്റ് പി.യു. ചിത്രയടക്കം നാലുപേരെ അത്‌ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ അർജുന അവാർഡിനായി നാമനിർദ്ദേശം ചെയ്തു. ജാവലിൻ ത്രോ താരമായ നീരജ് ചോപ്രയെ രാജീവ്ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിനും നോമിനേറ്റ് ചെയ്തിട്ടുണ്ട്. ഇത് തുടച്ചയായ മൂന്നാംവർഷമാണ് നീരജിനെ ഖേൽരത്‌നയ്ക്ക് നോമിനേറ്റ് ചെയ്യുന്നത്.

കഴിഞ്ഞവർഷം നടന്ന ദോഹ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും 2017 ലെ ഭുവനേശ്വർ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും 1500 മീറ്ററിൽ സ്വർണം നേടിയിരുന്ന താരമാണ് പാലക്കാട്ടുകാരിയായ ചിത്ര. 2018 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇൗയിനത്തിൽ വെങ്കലവും സ്വന്തമാക്കി. സ്കൂൾ കായികമേളകളിലെ മിന്നുംതാരമായിരുന്ന ചിത്ര 2016 ലെ ഗോഹട്ടി സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയാണ് അന്താരാഷ്ട്ര രംഗത്ത് ശ്രദ്ധയാകർഷിച്ചത്.

ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡലിസ്റ്റുകളായ ദ്യുതി ചന്ദ് (100, 200 മീറ്റർ), അർപ്പീന്ദർ സിംഗ് (ട്രിപ്പിൾ ജമ്പ്), മൻജിത്ത് സിംഗ് (800 മീറ്റർ) എന്നിവരാണ് അർജുന നോമിനേഷൻ ലഭിച്ച മറ്റു നാലുപേർ.

ഇന്ത്യൻ ടീമിന്റെ ഡെപ്യൂട്ടി ചീഫ് കോച്ചായ മലയാളി രാധാകൃഷ്ണൻ നായരെ ദ്രോണാചാര്യ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്തു. ഇന്റർ നാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗീകരിച്ച ഇന്റർനാഷണൽ കോച്ചിംഗ് എൻറിച്ച്മെന്റ് സർട്ടിഫിക്കറ്റ് നേടിയ ഏക ഇന്ത്യൻ കോച്ചാണ് രാധാകൃഷ്ണൻ നായർ.

മുൻ മലയാളി വനിതാ സ്‌പ്രിന്റ് താരം ജിൻസി ഫിലിപ്പിനെ ധ്യാൻചന്ദ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിനായും നോമിനേറ്റ് ചെയ്തിട്ടുണ്ട്. 2002 ബുസാൻ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിരുന്ന ജിൻസി 2000 ത്തിലെ സിഡ്നി ഒളിമ്പിക്സിലും റിലേ ടീമിൽ അംഗമായിരുന്നു.

തീയതി നീട്ടി

കൊവിഡ് സാഹചര്യം പരിഗണിച്ച് അർജുന/ഖേൽരത്‌ന പുരസ്കാരങ്ങൾക്ക് ഒാൺലൈനായി നോമിനേഷനുകൾ നൽകാനുള്ള തീയതി കേന്ദ്ര കായിക മന്ത്രാലയം ജൂൺ 12 വരെ നീട്ടി. ഇന്നലെയായിരുന്നു അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത്. അസോസിയേഷനുകൾക്ക് പുറമേ കായിക താരങ്ങൾക്ക് സ്വന്തമായി അപേക്ഷ നൽകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.