കൊവിഡ് ഭീഷണി ഒഴിഞ്ഞാൽ ജർമ്മനിയിൽ വിദഗ്ദ്ധ പരിശീലനത്തിന് പോകാൻ തയ്യാറെടുക്കുകയാണ് ഈ ഒൻപതാം ക്ലാസുകാരി.
തിരുവനന്തപുരം : ലോകം ലോക് ഡൗണിൽ മുഴുകിയിരുന്നപ്പോഴും തിരുവനന്തപുരത്തെ വീട്ടിലെ തന്റെ പരിശീലന മേശയ്ക്ക് പ്രണതി പി. നായർ അവധി കൊടുത്തില്ല. കഴിഞ്ഞ സംസ്ഥാന ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ, യൂത്ത്, സീനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലും കിരീടം നേടിയിരുന്ന പ്രണതി ഈ വർഷം ദേശീയ തലത്തിൽ മികച്ച പ്രകടനം നടത്താനുള്ള പരിശ്രമത്തിലായിരുന്നു . കൊവിഡിന്റെ ഭീഷണിയൊഴിഞ്ഞാൽ ജർമ്മനിയിൽ വിദഗ്ദ്ധ പരിശീലനത്തിന് പോകാനുള്ള മോഹം സഫലമാകുമെന്നുള്ള പ്രതീക്ഷയിലുമാണ് ഈ ഒൻപതാം ക്ളാസുകാരി.
പ്രായത്തിൽ സബ് ജൂനിയറാണെങ്കിലും ടേബിൾ ടെന്നിസിൽ സീനിയേഴ്സിനെ വരെ വിറപ്പിക്കും പ്രണതി. തൃശൂരിൽ നടന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലെ പ്രകടനം കണ്ട് പ്രണതിയെ യൂത്ത് വിഭാഗത്തിലെ ദേശീയ ക്യാമ്പിലേക്ക് പ്രവേശിപ്പിച്ചിരുന്നു. ഇൻഡോറിൽ രണ്ടാഴ്ചത്തെ പരിശീലനം കഴിഞ്ഞ് തിരികെയെത്തിയപ്പോഴാണ് രാജ്യം കൊവിഡിന്റെ പിടിയിലേക്കാഴ്ന്നത്. പക്ഷേ ലോക് ഡൗൺ കാലത്ത് പരിശീലനം മുടക്കാൻ പ്രണതി തയ്യാറായിരുന്നില്ല. ടേബിൾ ടെന്നിസ് ഇൻഡോർ ഗെയിമായതിനാൽ വീട്ടിനുള്ളിൽ തന്നെ പരിശീലന സൗകര്യം ഒരുക്കാനായി മാതാപിതാക്കൾ മുൻകൈയെടുത്തു. പരിശീലന സഹായിയായി സഹോദരനും മുൻ സ്റ്റേറ്റ് പ്ളേയറുമായ പ്രണവ് പി. നായരും കൂടിയായതോടെ സംഗതി ഉഷാർ!
പരിശീലനത്തോടുള്ള പ്രണതിയുടെ ആവേശം കണ്ട് ഒരു കുടുംബ സുഹൃത്ത് തന്റെ കൈവശമുണ്ടായിരുന്ന പരിശീലന സഹായിയായ മെഷീനും സമ്മാനിച്ചു. ക്രിക്കറ്റിലെ ബൗളിംഗ് മെഷീന് സമാനമായ ഈ റോബോട്ടിന്റെ സഹായത്തോടെയായി പിന്നീടുള്ള പരിശീലനം.
ഇതിനിടെയാണ് ഉന്നത പരിശീലനത്തിനായി പ്രണതിയെത്തേടി ജർമ്മനിയിൽ നിന്ന് ക്ഷണമെത്തിയത്. ജർമ്മനിയുടെയും ഇന്ത്യയുടെയും മുൻകോച്ചായ പീറ്റർ ഏയ്ഞ്ചലാണ് പ്രണതിയെ ക്ഷണിച്ചത്. ഒരു വർഷത്തിൽ ഏഴ് മാസം വീതം നാല് വർഷത്തേക്ക് നീളുന്ന പരിശീലന പരിപാടിയിലേക്കാണ് ക്ഷണം. ഇതിനായി കാത്തിരിക്കുകയാണ് പ്രണതി ഇപ്പോൾ.
ട്രിവാൻഡ്രം റീജിയണൽ കോച്ചിംഗ് സെന്ററിലെ ജോബിൻ ജെ. ക്രിസ്റ്റിയാണ് ഇപ്പോൾ പ്രണതിയെ പരിശീലിപ്പിക്കുന്നത്. ടേബിൾ ടെന്നിസ് അസോസിയേഷൻ പ്രസിഡന്റും അന്താരാഷ്ട്ര കോമ്പറ്റീഷൻ മാനേജരുമായ എൻ. ഗണേഷന്റെ പ്രചോദനവും ഇടപെടലുകളും പ്രണതിക്ക് തുണയാകുന്നു.
പടിഞ്ഞാറേക്കോട്ട പ്ളാഞ്ചേരി ലെയ്ൻ ശ്രീപദത്തിൽ ബിസിനസുകാരനായ പരമേഷ് വി. നായരുടെയും പ്രിയയുടെയും മകളാണ് പ്രണതി. തൈക്കാകാട് കല്ല്യാൺ ട്രിനിറ്റി സ്കൂളിലാണ് പഠിക്കുന്നത്.