nh

തിരുവനന്തപുരം: ദേശീയപാത 45 മീറ്റർ വീതിയിൽ നാലുവരിയാക്കി വികസിപ്പിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് ഉന്നതതല യോഗ തീരുമാനം വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സംസ്ഥാനത്ത് ആകെ 1782 കി.മീറ്ററിലാണ് ദേശീയപാതയുള്ളത്. ഏകദേശം 40,000 കോടി രൂപ പദ്ധതിക്ക് ചെലവു വരുമെന്നാണ് ദേശീയപാത അതോറിട്ടി (എൻ.എച്ച്.എ.ഐ) കണക്കാക്കിയിട്ടുള്ളത്. ഭൂമി ഏറ്റെടുക്കൽ നല്ല വേഗത്തിലാക്കാൻ സംസ്ഥാനത്തിന്റെ ഇടപെടൽ കൊണ്ട് കഴിഞ്ഞിട്ടുണ്ട്.

സ്ഥലം ഏറ്റെടുക്കാൻ വേണ്ടിവരുന്ന ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര നിബന്ധന അംഗീകരിച്ചു. കിഫ്ബിയിൽ നിന്ന് ഫണ്ട് ലഭ്യമാക്കി ഈ ആവശ്യം നിറവേറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. 358 കോടി രൂപ കിഫ്ബിയിൽ നിന്ന് ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്.

മുക്കോലയിൽ നിന്ന് തമിഴ്‌നാട് അതിർത്തി വരെയുള്ള തിരുവനന്തപുരം ബൈപ്പാസ് ഈ വർഷം സെപ്തംബറിൽ തീരും. വടക്കാഞ്ചേരി-തൃശൂർ പാത ഈ വർഷം ഡിസംബറിൽ പൂർത്തിയാകും. നീലേശ്വരം ടൗണിനടുത്ത് നാലുവരി റെയിൽ ഓവർബ്രിഡ്‌ജ് 2021 ഫെബ്രുവരിയിൽ പൂർത്തിയാകും. കഴക്കൂട്ടം-ടെക്‌നോപാർക്ക് എലിവേറ്റഡ് ഹൈവേ 2021 ഏപ്രിലിൽ തീരും. തലശ്ശേരി-മാഹി ബൈപ്പാസ് 2021 മേയിൽ പൂർത്തിയാകും. 51 ശതമാനം പ്രവൃത്തി തീർന്നു. 884 കോടി രൂപയാണ് ഈ ബൈപ്പാസിന്റെ ചെലവ്.

തലപ്പാടി-ചെങ്ങള (39 കി. മീറ്റർ), ചെങ്ങള-നീലേശ്വരം (37 കി.മീറ്റർ) എന്നീ പാതകളുടെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചു. അടുത്ത മാസം പ്രവൃത്തി കരാറുകാരെ ഏൽപിക്കും.ദേശീയപാത സ്ഥലമെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് മറ്റു ചുമതലകൾ നൽകുന്നത് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.