online-class

തിരുവനന്തപുരം: ടി.വിയോ മൊബൈൽ ഫോണോ ഇല്ലാത്തതിനാൽ ഒരു കുട്ടിക്കും ഒരു ക്ലാസും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രണ്ടാഴ്ച ട്രയലായി സംപ്രേഷണം ചെയ്യുന്ന പാഠങ്ങൾ പിന്നീട് പുനഃസംപ്രേഷണം ചെയ്യും. അവസാനത്തെ കുട്ടിക്കും പഠിക്കാനുള്ള സൗകര്യമൊരുക്കുകയാണ് സർക്കാരിന്റെ നയം. ആർക്കും ക്ലാസ് നഷ്ടമാകാതെ എല്ലാ കുട്ടികൾക്കും അദ്ധ്യയനം സാദ്ധ്യമാക്കും. 41 ലക്ഷം കുട്ടികളാണ് ഒന്ന് മുതൽ 12ാം ക്ലാസ് വരെ പൊതുവിദ്യാലയങ്ങളിൽ ഉള്ളത്. കൊവിഡ് കാരണം സ്കൂളുകൾ തുറക്കാനാകാത്തതിനാലാണ് വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനലും അതിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളും വഴി ഓൺലൈൻ പഠന പദ്ധതി തയാറാക്കിയത്. ഈ മാസം ഒന്നിന് ഓൺലൈൻ പഠനം ആരംഭിച്ചപ്പോൾ വലിയ സ്വീകാര്യതയുണ്ടായി. എത്ര കുട്ടികൾക്ക് ഓൺലൈൻ പഠനം സാദ്ധ്യമാകുമെന്നും പരിശോധിച്ചിട്ടുണ്ട്. 41 ലക്ഷം കുട്ടികളിൽ 2,61,784 പേർക്ക് ഓൺലൈൻ പഠന സൗകര്യമില്ലെന്ന് കണ്ടെത്തി. ഇവർക്കും ഓൺലൈൻ പഠനം സാധ്യമാക്കാമെന്ന ഉറപ്പ് സർക്കാരിനുണ്ട്.

സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ കുട്ടികളെ വൈകാതെ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരിക പ്രധാനമാണ്. ഇത് സ്‌കൂൾ പഠനത്തിന് ബദലോ സമാന്തരമോ അല്ല. ഇത്തരമൊരു പരിപാടി കുട്ടികളുടെ മാനസികമായ വളർച്ചയ്ക്കും അനിവാര്യമാണെന്നാണ് വിലയിരുത്തിയത്. ഇത് പൂർണമായി ഉൾക്കൊള്ളാതെയാണ് വിമർശനങ്ങൾ.

ഓൺലൈൻ ക്ലാസുകൾ ലഭ്യമാകാത്ത കുട്ടികൾക്ക് സൗകര്യമേർപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾ, അദ്ധ്യാപകർ, പി.ടി.എ, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഭരണ, പ്രതിപക്ഷ വേർതിരിവില്ലാതെ എം.എൽ.എമാരുടെ സഹായവുമുണ്ട്.

വായനശാല, അയൽപക്ക ക്ലാസുകൾ, പ്രാദേശിക പ്രതിഭാ കേന്ദ്രം, ഊര് വിദ്യാകേന്ദ്രം, സാമൂഹിക പഠന മുറികൾ തുടങ്ങിയ പൊതു ഇടങ്ങളിൽ ക്ലാസുകൾ കാണാനുള്ള ക്രമീകരണം സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ പൂർത്തിയാവുന്നു. ബിവറേജസ് കോർപ്പറേഷന്റെ പൊതുനന്മ ഫണ്ടുപയോഗിച്ച് 500 ടി.വി സെറ്റുകൾ വാങ്ങി നൽകും. വിദ്യാർത്ഥി, യുവജന സംഘടനകളും പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.

രണ്ടാഴ്ചത്തെ ട്രയൽ സംപ്രേഷണം കഴിയുമ്പോഴേക്കും മുഴുവൻ കുട്ടികളെയും ഇതിന്റെ ഭാഗമാക്കാനാകും. വിദ്യാലയങ്ങൾ തുറക്കുന്നത് വരെയുള്ള താൽക്കാലിക സംവിധാനമാണിത്. പഠനം എപ്പോഴും ക്ലാസ് മുറികളിൽ തന്നെയാണ് നല്ലത്. പ്രത്യേകിച്ചും ചെറിയ കുട്ടികൾക്ക്. അതിന് അവസരം വന്നാൽ അപ്പോൾതന്നെ സാധാരണ നിലയിലുള്ള ക്ലാസുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിസഭയും തീരുമാനിച്ചു

അതേസമയം,​ ഫസ്റ്റ് ബെൽ ഓൺലൈൻ പഠനം രണ്ടാഴ്ച ട്രയൽ സംപ്രേഷണമാക്കാൻ ഇന്നലെ മന്ത്രിസഭായോഗം തീരുമാനിച്ചു. ക്ലാസുകൾ നഷ്ടപ്പെട്ടെന്ന തോന്നലിൽ കുട്ടികളും രക്ഷിതാക്കളും നിരാശരാകാതിരിക്കാനാണിത്. ഒരാഴ്ചത്തേക്കാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.

ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തതിനാൽ മലപ്പുറം ജില്ലയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് വിവാദമാവുകയും പ്രതിപക്ഷമുൾപ്പെടെ സർക്കാരിനെതിരെ രംഗത്തെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.

എല്ലാവർക്കും സൗകര്യം ഏർപ്പെടുത്താതെയാണ് ഓൺലൈൻ അദ്ധ്യയനത്തിന് സർക്കാർ തിരക്കിട്ട് തീരുമാനിച്ചതെന്നായിരുന്നു പ്രതിപക്ഷ വിമർശനം.

മലപ്പുറത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിൽ വിദ്യാഭ്യാസവകുപ്പിന്റെ റിപ്പോർട്ട് ലഭിക്കാത്തതിനാൽ കൂടുതൽ ചർച്ചയുണ്ടായില്ല.