ഇരിട്ടി: ഉളിയിൽ കുരൻമുക്കിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻ മദ്യശേഖരവും പാൻ ഉത്പന്നങ്ങളും പിടികൂടി. കൂരൻ മുക്ക് പെരിയത്തിൽറോഡിലെ റഷീദിന്റെ (50) വീട്ടിൽ നിന്നാണ് 54 കുപ്പി കർണാടക മദ്യവും, 4000ത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളും ചാരായം വാറ്റാനായി പാകപെടുത്തിയ അമ്പത്തി എട്ട് ലിറ്റർ വാഷും പിടിച്ചെടുത്തത്.
മട്ടന്നൂർ എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ. വിജേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . റഷിദിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. റഷിദിനൊപ്പമുണ്ടായിരുന്ന മറ്റൊരാളെ കൂടി പിടികിട്ടാനുണ്ടെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു.നേരത്തെയും ഈ മേഖല കേന്ദ്രികരിച്ച് വ്യാപകമായ തോതിൽ മദ്യമുൾപ്പടെയുള്ള ലഹരി ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലും ഇത് തുടരുകയാണ് . പരിശോധനക്ക് പ്രവന്റിവ് ഓഫിസർമാരായ പി.കെ.അനിൽകുമാർ, കെ.പി. ഹംസക്കുട്ടി, കെ.കെ. ഷാജി, സി ഇ ഒ സതീഷ്, കെ.പി. സുനിൽ എന്നിവരും ഉണ്ടായിരുന്നു.