തിരുവനന്തപുരം:നഗരത്തിൽ ലോക്ക് ഡൗൺ ലംഘിച്ച 15പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ 8 വാഹനങ്ങളുടെ ഉടമകൾക്കെതിരെയും കേസെടുത്തു. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്‌റ്റേഷനുകളിലും നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തിയതായും സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി യാത്രചെയ്ത 129പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബസുകളിൽ എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ച സാഹചര്യത്തിൽ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്‌റ്റേഷനുകളിലും എത്തുന്ന യാത്രക്കാർ കൃത്യമായും സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌കുകൾ ധരിക്കേണ്ടതുമാണ്. ബസുകളിൽ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ രോഗവ്യാപനം ഉണ്ടാകുന്ന തരത്തിൽ തിക്കും തിരക്കും സൃഷ്ടിക്കാൻ പാടില്ല.ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്‌റ്റേഷനുകളിലും നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തുകയും, മാർഗ നിർദേശങ്ങൾ പാലിക്കാത്ത യാത്രക്കാർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് കമ്മിഷണർ അറിയിച്ചു.