cm

തിരുവനന്തപുരം: മലപ്പുറം ഇരുമ്പിളിയം ഗവ. ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദേവികയുടെ മരണത്തിൽ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുട്ടിയുടെ മരണം ഏറെ ദുഃഖകരമാണ്.

ഓൺലൈൻ ക്ലാസ് ലഭ്യമാകാത്തതിനാൽ കുട്ടിക്ക് വിഷമമുണ്ടായിരുന്നെന്ന് അച്ഛൻ പറഞ്ഞ സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. സ്‌കൂളിലെ കുട്ടികളിൽ 25 പേർക്ക് ഇന്റർനെറ്റ്, ടിവി സൗകര്യങ്ങൾ ഇല്ലെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദേവികയും ഈ ലിസ്റ്റിലുണ്ട്. ക്ലാസ് അദ്ധ്യാപകൻ കുട്ടിയെ വിളിച്ച് പരിഹരിക്കാമെന്നറിയിച്ചതാണ്.

ഇരുമ്പിളിയം പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റി യോഗത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും കുട്ടികളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ കർമ്മ പരിപാടികൾ തയ്യാറാക്കി. സ്‌കൂൾ പി.ടി.എയും കുട്ടികൾക്ക് ഇന്റർനെറ്റ്, ടിവി സൗകര്യങ്ങൾ ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നു.

ആദിവാസി ഊരുകളിൽ സൗകര്യം

നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്ത ഇടുക്കി ജില്ലയിലെ കണ്ണംപടി, ഇടമലക്കുടി ആദിവാസി ഊരുകളിൽ ഒഫ്‌ലൈൻ പഠനസൗകര്യമൊരുക്കും. സമഗ്ര ശിക്ഷാ കേരളമാണ് ഇതു നടപ്പാക്കുക. മറ്റ് പിന്നാക്ക കേന്ദ്രങ്ങളിലും ഇതേ സൗകര്യമൊരുക്കും. ടിവി, കമ്പ്യൂട്ടർ തുടങ്ങിയവ ലഭ്യമാക്കാൻ പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ, വായനശാലകൾ എന്നിവ കേന്ദ്രീകരിച്ച് സാങ്കേതിക സൗകര്യങ്ങൾ ഒരുക്കും. അവിടങ്ങളിൽ കുട്ടികളെ എത്തിച്ച് ഓൺലൈൻ ക്ലാസ് ലഭ്യമാക്കും.