തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിലും പുഴകളിലും പ്രളയകാലത്ത് അടിഞ്ഞുകൂടിയ എക്കലും ചെളിയും നീക്കം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്ര വനസംരക്ഷണ നിയമം തടസ്സമാകുന്നതിനാൽ മണൽ വാരലിന് അനുമതിയില്ല. കഴിഞ്ഞ പ്രളയകാലത്ത് തന്നെ എക്കലും ചെളിയും നീക്കാൻ തീരുമാനിച്ചതാണെങ്കിലും ഫലപ്രദമായിരുന്നില്ല. നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി. എക്കലും ചെളിയും വാരുമ്പോൾ സമീപത്ത് തന്നെ കൂട്ടിയിടുന്നത് മഴ വരുമ്പോൾ വീണ്ടും ഒഴുകി നദിയിൽ തന്നെയെത്താനിടയാക്കുമെന്നതിനാൽ ഇവ ഫലപ്രദമായി മറ്റൊരിടത്തേക്ക് മാറ്റണം. ഇതിനാവശ്യമായ ഏജൻസികളെ കണ്ടെത്താൻ ടെൻഡർനടപടികളും മറ്റും സ്വീകരിക്കേണ്ടത് ജലവിഭവ വകുപ്പാണ്. ഇതിന്റെ സീനിയറേജ് തുക റവന്യുവകുപ്പിനായിരിക്കും. എക്കലിനോടൊപ്പമെത്തുന്ന മണൽ എന്ത് ചെയ്യുമെന്നതിലാണിപ്പോൾ ആശയക്കുഴപ്പം.