തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന്‍റെ സംസ്കാരം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. മലമുകള്‍ സെമിത്തേരിക്ക് സമീപമുള്ളവരുടെ പ്രതിഷേധത്തില്‍ സംസ്കാരം മുടങ്ങിയതോടെ മൃതദേഹം ദഹിപ്പിക്കാന്‍ കുടുംബം സര്‍ക്കാരിന് അനുമതി നൽകി.
വൈദികന്‍ അംഗമായ നാലാഞ്ചിറ ഓര്‍ത്തഡോക്സ് പള്ളിയില്‍ സെല്ലാര്‍ മാതൃകയിലുള്ള കല്ലറയായതിനാല്‍ കോവിഡ് മാനദണ്ഡമനുസരിച്ച് സംസ്കാരം സാദ്ധ്യമല്ല. നന്തന്‍കോട് പള്ളിയുടെ മലമുകളിലെ സെമിത്തേരിയിൽ സംസ്കാരം നടത്താൻ തീരുമാനിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു. തുടര്‍ന്ന് വൈദികന്‍റെ സ്വന്തം ഇടവകയായ കടമ്പനാട് പള്ളിയില്‍ സംസ്കരിക്കാനാകുമോയെന്ന് അന്വേഷിച്ചെങ്കിലും ദൂരം കൂടുതല്‍ കാരണം ആരോഗ്യ വകുപ്പ് അനുമതി നിഷേധിച്ചു.
മലമുകളിൽ സെമിത്തേരി സ്ഥാപിക്കുന്നതിനെതിരെ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കേസ് തീർപ്പാകുന്നതിന് മുമ്പ് സംസ്കാരം നടത്തുന്നതിനെതിരെയായിരുന്നു പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം മണിക്കൂറുകൾ നീണ്ടതോടെയാണ് വൈദികന്‍റെ സംസ്കാരം നടത്താതെ ഉദ്യോഗസ്ഥർ മടങ്ങിയത്. തുടർന്നാണ് മറ്റ് സാദ്ധ്യതകൾ കുടുംബവും സഭ അധികൃതരും ആലോചിച്ചത്.
ഓർത്തഡോക്സ് സഭയുടെ മറ്റൊരു പളളിയിൽ സംസ്കാരം നടത്തുന്നതിനാണ് ആലോചന. വൈദികന്‍റെ രോഗത്തിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്താനാകാത്തത് വെല്ലുവിളിയായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലും പേരൂർക്കട ആശുപത്രിയിലും ഇദ്ദേഹത്തെ പരിചരിച്ചവർ നിരീക്ഷണത്തിലാണ്.