hc

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും സൗകര്യം ഒരുക്കുന്നത് വരെ ഓൺലൈൻ ക്ലാസുകൾ നിർത്തിവയ്‌ക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രത്യേക ക്ലാസുകൾ നടത്താൻ ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളത് ശരിയായ വിധത്തിലല്ലെന്നാണ് ഹർജിയിലെ ആരോപണം. നിരവധി കുട്ടികൾക്ക് അടിസ്ഥാന സൗകര്യം ഇല്ലെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു.

നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ അമ്മയായ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി സി.സി ഗിരിജയാണ് ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസിന് സൗകര്യം ഒരുക്കാൻ സർക്കാരിന് നിർദ്ദേശം നൽകണം എന്ന് ഹർജിയില്‍‌ ആവശ്യപ്പെടുന്നു. ജൂൺ ഒന്ന് മുതൽ ഓൺലൈൻ ക്ലാസിന് സൗകര്യമൊരുക്കാൻ നിർദേശം നൽകി മെയ് 29നാണ് സർക്കാർ ഉത്തരവിട്ടത്. തുടർന്ന് വന്നത് ശനി, ഞായർ ദിവസങ്ങളായതിനാൽ സൗകര്യങ്ങൾ ഒരുക്കുന്നത് അപ്രായോഗികവും അസാദ്ധ്യവുമായിരുന്നുവെന്നും ഹർജിക്കാരി പറയുന്നു.

അതേസമയം സംസ്ഥാനത്തെ ഓൺലൈൻ അദ്ധ്യായനത്തിലെ ട്രയൽ കാലാവധി ഒരാഴ്ച കൂടി നീട്ടാനാണ് സർക്കാർ തീരുമാനം. ജൂൺ ആദ്യവാരം ട്രയലും പിന്നീട് അടുത്ത ആഴ്ച ഈ ക്ലാസുകളുടെ പുനഃസംപ്രേഷണവും എന്ന രീതിയായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ട്രയൽ സമയം രണ്ടാഴ്ചയായി വർദ്ധിപ്പിക്കാൻ ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. രണ്ടാഴ്ച കൊണ്ട് എല്ലാ അപാകതകളും പരിഹരിക്കാനാണ് സർക്കാർ നീക്കം.