ഇടുക്കി: വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ വധഭീഷണി മുഴക്കിയ സി.പി.എം നേതാക്കൾക്ക് മുൻകൂർ ജാമ്യം. സി.പി.എം പീരുമേട് ഏരിയ സെക്രട്ടറി വിജയാനന്ദ്, ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. തിലകൻ എന്നിവർക്കാണ് തൊടുപുഴ ജില്ലാ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം കിട്ടിയത്. പൊലീസ് അറസ്റ്റ് വൈകിപ്പിച്ച് മുൻകൂർജാമ്യത്തിന് അവസരമൊരുക്കിയെന്നാണ് കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ആരോപണം.
തൊടുപുഴ ജില്ലാ കോടതയിൽ നിന്നാണ് ജാമ്യം കിട്ടിയത്. അറസ്റ്റ് ഭയന്ന് നേതാക്കൾ ഒളിവിലായിരുന്നു. ഇനി വണ്ടിപ്പെരിയാർ സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുക്കാം. കഴിഞ്ഞ ബുധനാഴ്ചയാണ് വാഹനപരിശോധനക്കിടെ പിടികൂടിയ ഡി.വൈ.എഫ്.ഐ നേതാവിന്‍റെ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നേതാക്കൾ വണ്ടിപ്പെരിയാർ സ്റ്റേഷനിൽ അതിക്രമം കാട്ടിയത്.
എ.എസ്.ഐ ഉൾപ്പടെ നാല് പൊലീസുകാരെ വീട്ടിൽ കയറി വെട്ടുമെന്നായിരുന്നു ഭീഷണി. അതേസമയം ചില ഉന്നത പൊലീസുകാർ ഇടപെട്ട് സി.പി.എം നേതാക്കളുടെ അറസ്റ്റ് തടഞ്ഞെന്നാണ് ഉയരുന്ന ആരോപണം.