മുംബയ്: മഹാരാഷ്ട്രയിൽ വീശിയടിച്ച 'നിസർഗ'ചുഴലിക്കാറ്റിൽ പരക്കെ നാശം. മൂന്നു പേർ മരിച്ചു. വീടുകൾ നിലംപൊത്തി. ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. അനവധി പേർക്ക് പരിക്കേറ്റു. റോഡുകളിൽ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. ചെറിയ വീടുകളും കുടിലുകളും തകർന്നു.
ഖേദിലെ വഹാഗോൻ ഗ്രാമത്തിൽ വീട് തകർന്നു വീണ് 65കാരിയായ വീട്ടമ്മയും ഹവേലി മൊകാർവാഡിയിൽ 52കാരനും വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് അലിബാഗിലെ ഗ്രാമത്തിൽ 58 കാരനുമാണ് മരിച്ചത്.
കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ടായതിനെതുടർന്ന് വീടിനുള്ളിൽ അഭയം തേടിയവരാണ് കെടുതിക്കിരയായത്. ഉറപ്പില്ലാത്തതും പഴയതുമായ വീടുകൾ കാറ്റിൽ പറന്നു പോയി. മഴ കൂടിയായപ്പോൾ വീടുകൾ ഇടിഞ്ഞു വീഴുന്ന കാഴ്ചയായിരുന്നു.വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തിയതോടെ മണിക്കൂറുകളോളം നഗര- ഗ്രാമപ്രദേശങ്ങൾ ഇരുട്ടിലായി. ജനം ഭയത്തോടെയാണ് കഴിയുന്നത്. വീട് നഷ്ടപ്പെട്ടവർ എന്ത് ചെയ്യണമെന്നറിയാതെ വിലപിക്കുകയാണ്.