cash

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് ശമ്പളം പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും പിരിച്ചുവിടുന്നതും കൊവിഡിനെ പ്രതിരോധിക്കാന്‍ ഉള്ള തൊഴിലാളികളുടെയും ജീവനക്കാരുടെയും ആത്മവീര്യം നശിപ്പിക്കുമെന്ന് കേരളം. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച വസ്തുത വിവര റിപ്പോര്‍ട്ടില്‍ ആണ് കേരളം നിലപാട് വ്യക്തമാക്കിയത്. ലോക്ക് ഡൗണ്‍ കാലത്തെ ശമ്പളം നല്‍കാത്തത് സ്വാഭാവിക നീതിയുടെ നിഷേധം ആണെന്നും കേരളം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ലോക്ക് ഡൗണ്‍ കാലത്തെ മുഴുവന്‍ ശമ്പളവും നല്‍കണം എന്ന കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ഉത്തരവുകള്‍ ചോദ്യം ചെയ്ത് കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ ആണ് കേരളം വസ്തുത വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. ലോക്ക്‌ഡൗൺ കാലത്തെ മുഴുവന്‍ ശമ്പളവും നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശിക്കാന്‍ കഴിയില്ല എന്നാണ് അസോയിസേഷൻ വാദം അടിസ്ഥാന രഹിതം ആണെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു.

അസാധാരണം ആയ ഈ പ്രതിസന്ധി കാലഘട്ടത്തില്‍ പൊതു സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍ സര്‍ക്കാരും ആയി സഹകരിക്കുക ആണ് വേണ്ടത് എന്നും കേരളം ആവശ്യപെടുന്നു.

ലോക്ക്ഡൗണ്‍ കാലത്തെ മുഴുവന്‍ ശമ്പളവും സ്ഥാപനങ്ങള്‍ നല്‍കണം എന്ന മുന്‍ ഉത്തരവ് ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചിരുന്നു.

ജീവനക്കാരെ ഇപ്പോള്‍ പിരിച്ചുവിടുന്നതും ശമ്പളം വെട്ടിക്കുറയ്ക്കുന്നതും സ്ഥിതി കൂടുതല്‍ വഷളാക്കും. ജീവനക്കാരുടെ സാമ്പത്തിക സ്ഥിതി മോശമാകുന്നതിന് പുറമെ മഹാമാരിയെ നേരിടാന്‍ ഉള്ള ആത്മവീര്യം നശിപ്പിക്കുമെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.