elephant

പാലക്കാട്: ഗർഭിണിയായ കാട്ടാനയെ കൈതച്ചക്കയിൽ പടക്കം വച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാർ. പടക്കം പൊട്ടി വായ്ക്ക് പരിക്കേറ്റ കാട്ടാന രണ്ടു മൂന്ന് ദിവസം ജനവാസകേന്ദ്രത്തിൽ ചുറ്റിക്കറങ്ങി നടന്നിരുന്നുവെങ്കിലും രക്ഷിക്കാൻ വനംവകുപ്പ് സമയോചിതമായി ഇടപെട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

അതേസമയം കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനംവകുപ്പിന്റെ പ്രത്യേകസംഘം അന്വേഷണം തുടങ്ങി. തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. നാട്ടുകാരിലാരെങ്കിലും പടക്കം നിറച്ച കൈതച്ചക്ക ആനയ്ക്ക് നൽകിയിട്ടുണ്ടോയെന്ന് വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. ചിലരെ ചോദ്യംചെയ്തെങ്കിലും വ്യക്തമായ തെളിവുകൾ ഒന്നും ലഭിച്ചില്ല. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

സംഭവം കേന്ദ്രസർക്കാരും ഗൗരവമായി കാണുന്നുവെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കർ വ്യക്തമാക്കി. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും, സ്‌ഫോടകവസ്തു നൽകി കൊലപ്പെടുത്തുന്നത് ഇന്ത്യൻസംസ്‌കാരമല്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.