covid-

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പുറമേരിയില്‍ കൊവിഡ് രോഗിയുടെ മത്സ്യകട തല്ലിത്തകര്‍ത്തു. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. ഷട്ടറും മത്സ്യം വില്‍ക്കുന്ന സ്‌റ്റാൻഡും തകര്‍ത്ത നിലയിലാണ്.പുറമേരി വെള്ളൂര്‍ റോഡിലുള്ള കടയാണ് അക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാദാപുരം പോലീസ് കേസെടുത്തു.

മത്സ്യ വ്യാപാരി കൊവിഡ് ബാധിതനായതോടെ നാദാപുരം, പുറമേരി, കുന്നുമ്മല്‍ അടക്കമുള്ള പഞ്ചായത്തുകളും വടകരയിലെ ചില പ്രദേശങ്ങളും തീവ്രബാധിതമേഖലയായിരുന്നു. സമീപ പ്രദേശങ്ങളിലെയെടക്കം മത്സ്യ മാര്‍ക്കറ്റുകളെല്ലാം അടക്കുകയും വ്യാപാരികളോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ വൈരാഗ്യമുള്ളവര്‍ ആരെങ്കിലുമാണോ കട തല്ലിതകര്‍ത്തത് എന്നാണ് സംശയിക്കുന്നത്.

മത്സ്യ കച്ചവടക്കാരനുമായി ബന്ധപ്പെട്ടുവെന്ന് കരുതന്നവരുടെ രണ്ടുഘട്ടമായി വന്ന പരിശോധനാഫലങ്ങള്‍ മുഴുവന്‍ നെഗറ്റീവാണ്. ഇനി 85 പേരുടെ ഫലംകൂടി വരേണ്ടതുണ്ട്. ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ എടുത്ത സ്രവപരിശോധനാഫലമാണ് വരാനുള്ളത്.

മത്സ്യ വ്യാപാരിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുടെ പിതാവ് അടക്കം നിരീക്ഷണത്തിലാണ്. അതുകൊണ്ട് തന്നെ കൃത്യമായ മൊഴിയെടുക്കാനായിട്ടില്ല. ലൈസന്‍സി വന്നാലുടന്‍ മൊഴിയെടുക്കുമെന്ന് നാദാപുരം പോലീസ് അറിയിച്ചു.