ചെന്നൈ:നാട്ടിലേക്ക് മടങ്ങാനാവാത്തതിന്റെ മനോവിഷമത്തിൽ മലയാളി യുവാവ് ചെന്നൈയിൽ ജീവനൊടുക്കി. വടകര മുടപ്പിലാവിൽ മാരാൻമഠത്തിൽ ടി. ബിനീഷ് (41) ആണ് ആത്മഹത്യ ചെയ്തത്.നാട്ടിലേക്ക് മടങ്ങാൻ വേണ്ടി സർക്കാരുകൾ ഒന്നും ചെയ്തില്ലെന്നാണ് ആത്മഹത്യാകുറിപ്പിൽ ബിനീഷ് ആരോപിക്കുന്നത്.
ചെന്നൈയിൽ ചായക്കട ജീവനക്കാരനായിരുന്നു ബിനീഷ്.ചൊവ്വാഴ്ച രാത്രി കേരളത്തിലേക്ക് വരാനിരിക്കുകയായിരുന്നു ഇദ്ദേഹം. എന്നാൽ ബുധനാഴ്ച രാവിലെ ചെന്നൈയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ഹോട്ട്സ്പോട്ടായ ചെന്നൈയിൽ നിന്ന് ഇങ്ങോട്ട് വരേണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞതായാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്. ഇതിന്റെ മനോവിഷമത്തിലാണ് ബിനീഷ് യാത്ര വേണ്ടെന്നു വച്ചതെന്നും സുഹൃത്തുക്കൾ പറയുന്നു.സംഭവത്തിൽ സെവൻ വെൽസ് പൊലീസ് കേസെടുത്തു. മൂന്നുവർഷമായി ചെന്നൈയിൽ ചായക്കടകളിൽ ജോലിചെയ്തുവരുകയായിരുന്നു ബിനീഷ്. പ്രവീണയാണ് ഭാര്യ.മകൾ ഗൗരികൃഷ്ണ നാലാംക്ലാസ് വിദ്യാർത്ഥിനിയാണ്.