kerala

ന്യൂഡൽഹി: പമ്പ ത്രിവേണിയിൽ നിന്ന് മണൽ നീക്കുന്നത് സംബന്ധിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. പരിസ്ഥിതി നിയമങ്ങൾ പാലിക്കാതെ ദുരന്ത നിവാരണ നിയമപ്രകാരം മണൽ നീക്കം ചെയ്യാൻ ഉത്തരവിട്ടത് എന്തുകൊണ്ടെന്ന് ട്രിബ്യൂണൽ സർക്കാരിനോട് ചോദിച്ചു. മണൽ നീക്കത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതിയെയും നിയോഗിച്ചു. എത്ര മണൽ നീക്കം ചെയ്യണമെന്ന് പഠനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് സമിതിയോട് ട്രിബ്യൂണൽ നിർദേശിച്ചു.

പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേസ് ആൻറ് സെറാമിക്സിന് സൗജന്യമായി മണലെടുക്കാനായി പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവിറക്കിയതോടെയാണ് മണലെടുപ്പുമായി ബന്ധപ്പെട്ട് വിവാദം തുടങ്ങുന്നത്. വനസംരക്ഷണ നിയമപ്രകാരമുള്ള അനുമതിയില്ലാതെയുള്ള ഉത്തരവിൽ വനംവകുപ്പിന്‍റെ എതിർപ്പ് നിലനിൽക്കെ, പുതിയ ഉത്തരവ് മണൽ സ്വകാര്യ കമ്പനിക്ക് മറിച്ച് വിൽക്കുന്നതിന് വേണ്ടിയാണെന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപം ഉന്നയിച്ചത്.

വിവാദങ്ങൾക്കിടെ വനംവകുപ്പ് നിർദേശം പാലിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടം പമ്പാ-ത്രിവേണിയിലെ മണൽ ഇന്ന് നേരിട്ട് മാറ്റാൻ നടപടി തുടങ്ങിയിരുന്നു. മാറ്റുന്ന മണൽ തത്ക്കാലം വനാതിർത്തിക്ക് പുറത്തേക്ക് കൊണ്ടുപോകില്ല. മണൽ കൊണ്ടുപോകുന്നതിലടക്കമുള്ള തുടർ നടപടി തീരുമാനിക്കാൻ മുഖ്യമന്ത്രി റവന്യുവകുപ്പ് ഫയലുകൾ വിളിപ്പിച്ചു.