തിരുവനന്തപുരം:കാലവർഷം കടുത്താലും ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് മന്ത്രി പി.തിലോത്തമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആറു മാസത്തേക്കുള്ള ധാന്യശേഖരം ഉറപ്പാക്കിയിട്ടുണ്ട്.നിത്യോപയോഗ സാധനങ്ങളുടെ കരുതൽ ശേഖരമുണ്ട്. 4.39 ലക്ഷം ടൺ അരിയും 1.18 ലക്ഷം ടൺ ഗോതമ്പും സ്റ്റോക്കുണ്ട്.

ഏപ്രിലിൽ 1.41 ലക്ഷം ടൺ അരിയും 15709 ടൺ ഗോതമ്പും മേയിൽ 92796 ടൺ അരിയും 15536 ടൺ ഗോതമ്പും 4572 ടൺ ആട്ടയും വിതരണം ചെയ്തു.
പൊതുവിപണിയിൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ 34720 പരിശോധനകൾ നടത്തി. 4038 ക്രമക്കേടുകൾ കണ്ടെത്തി. ലീഗൽ മെട്രോളജി വിഭാഗം 2291 കേസുകളിൽ 88 ലക്ഷം രൂപ പിഴ ഈടാക്കി. 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുന്ന പദ്ധതിയിൽ 37000 റേഷൻ കാർഡുകൾ നൽകി. കമ്മ്യൂണിറ്റി കിച്ചണുകൾക്ക് ക്രെഡിറ്റ് വ്യവസ്ഥയിൽ 68 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കൾ നൽകിയെന്നും മന്ത്രി അറിയിച്ചു.